അയ്യപ്പൻകോവിൽ ആലടിയിൽ പെരിയാർ നദിയിലേക്ക് ടൺ കണക്കിന് മണ്ണ് തള്ളിയ സംഭവത്തിൽ മേജർ ഇറിഗേഷൻ ഉദ്യോഗസ്ഥർ പരിശോധന നടത്തി

നിയമ വ്യവസ്ഥ പാടെ ലംഘിച്ചാണിവിടെ മണ്ണ് തള്ളിയിരിക്കുന്നത്. സ്വകാര്യ വ്യക്തികളും ടിപ്പർ ലോറിക്കാരുമായുള്ള ധാരണയുടെ ഭാഗവും മണ്ണ് തള്ളാൻ സ്ഥലം അനുവദിക്കാത്തതുമാണിതിന് കാരണമെന്ന് മലയോര ഹൈവെ നിർമ്മാതാക്കൾ ഉദ്യോഗസ്ഥരെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകും.
അയ്യപ്പൻ കോവിൽ പഞ്ചായത്തിലെ ആലടിയിലെ കടത്തിനു സമീപത്തു നടക്കുന്ന അനധികൃത പ്രവർത്തനങ്ങളെ കുറിച്ച് മേജർ ഇറിഗേഷൻ കുമളി സെക്ഷനിലെ ഉദ്യോഗസ്ഥരായ അസിസ്റ്റൻ്റ് എഞ്ചിനീയർ ബിനു മാത്യു, ഓവർസീയർ ഏ.ജെ ജോസുകുട്ടി എന്നിവരാണ് പരിശോധന നടത്തിയത്.മാനദണ്ഡങ്ങൾ പാലിക്കാതെ പുറം പോക്കു ഭൂമിയിൽ മണ്ണ് തള്ളിയ സംഭവത്തെ കുറിച്ച് ചങ്ങനാശേരി ഡിവിഷൻ ഉദ്യോഗസ്ഥർക്കും ജില്ലാകളക്ടർക്കും റിപ്പോർട്ട് നൽക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
മണ്ണ് തള്ളിയ സ്ഥലം സ്വകാര്യ വ്യക്തി കല്ല് കെട്ടി തിരിച്ച് നിലം ഒരുക്കി നിർമ്മാണം നടത്തുന്നതിനുള്ള ഒരുക്കം നടത്തി വരുന്നതിനിടെയാണ് ഉദ്യോഗസ്ഥർ അന്വേഷണത്തിന് എത്തിയത്. പട്ടയമുള്ള ഭൂമിയുടെ ഉടമയോട് അനുവാദം വാങ്ങി റവന്യൂ അധികാരികളിൽ നിന്നും പെർമിഷൻ എടുത്തു വേണം മണ്ണ് നിക്ഷേപിക്കാൻ എന്നാണ് നിയമം. നിയമമെല്ലാം കാറ്റിൽ പറത്തിയാണ് മലയോരഹൈവേ നിർമ്മാതാക്കൾ ഇവിടെ മണ്ണ് തള്ളിയത്.
മണ്ണ് നിക്ഷേപിക്കുവാൻ തങ്ങൾക്ക് അനുമതി നൽകുന്നില്ല എന്ന മലയോരഹൈവേ അധികൃതർ പറയുമ്പോഴാണ് ഇതുപോലെ പലസ്ഥലങ്ങളിലും സ്വകാര്യവ്യക്തികളുമായി അനധികൃത ഇടപാടിലൂടെ ഇവർ മണ്ണ് തള്ളിയിട്ടുള്ളത്. ലോഡൊന്നിന് 500 രൂപ വീതം കൈപറ്റിയാണ് മണ്ണ് തള്ളിയിട്ടുള്ളതെന്നും ആരോപണമുണ്ട്.
മലയോര ഹൈവേ നിർമ്മാണ ജോലികൾക്കായി കൊണ്ടു വന്നിട്ടുള്ള ടിപ്പറുകളും ജെസിബിയുമാണിതിന് ഉപയോഗിച്ചിട്ടുള്ളത്.വർഷകാലത്ത് നദി കര കവിഞ്ഞൊഴുകുന്നതോടുകൂടി ഈ മണ്ണ് ഇടുക്കി ജലസംഭരണിയിലേക്കാണ് ഒഴുകി എത്തുന്നത്. ഇത് ജലജന്യജീവികളുടെ നാശത്തിനും, ഇടുക്കി ഡാമിൻ്റ തന്നെ സുരക്ഷിതത്വത്തിനും ഭീഷണി ആയി മാറുവാനുമാണിടയാകും.