സംസ്ഥാന പാതയിൽ ഉപയോഗശൂന്യമായ മത്സ്യങ്ങൾ തള്ളിയതായി പരാതി. അയ്യപ്പൻകോവിൽ മേരികുളം നിരപ്പേൽകടയിലാണ് ഈ സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടന്നത്

കൊച്ചി തേക്കടി സംസ്ഥാന പാതയിൽ മേരികുളം നിരപ്പേൽകടയിലാണ് സാമൂഹ്യ വിരുദ്ധർ ഉപയോഗ ശൂന്യമായ മത്സ്യങ്ങൾ നിക്ഷേപിച്ചത്. 25 കിലോയിൽ അധികം വരുന്ന മത്സ്യങ്ങളാണ് റോഡരികിൽ തള്ളിയിരിക്കുന്നത്. ദുർഗന്ധം കാരണം ആളുകൾക്ക് ഇതുവഴി യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ.
ഇന്നലെ വൈകിട്ട് 5 മണിയോടെ ഒരു പെട്ടി ഓട്ടോറിക്ഷ ഇവിടെ നിർത്തിയിട്ടിരിക്കുന്നത് നാട്ടുകാർ കണ്ടിരുന്നു. തുടർന്ന് ഓട്ടോറിക്ഷ അവിടെ നിന്ന് പോവുകയും ചെയ്തു. പിന്നീട് ഇതു വഴി വന്ന യാത്രക്കാരാണ് രണ്ടിടത്തായി ഉപയോഗശൂന്യമായ മത്സ്യങ്ങൾ തള്ളിയിരിക്കുന്നത് കണ്ടത്. നിരപ്പേൽകടയിലെ ജനവാസ മേഖലക്ക് സമീപമാണ് മത്സ്യം തള്ളിയിരിക്കുന്നത്.
ദുർഗന്ധം മൂലം ജനങ്ങൾക്ക് റോഡിലൂടെ യാത്ര ചെയ്യാൻ പോലും ബുദ്ധിമുട്ടായിരിക്കുകയാണ്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ പ്രദേശവാസികൾ പഞ്ചായത്തിൽ പരാതി നൽകി. പഞ്ചായത്ത് ആരോഗ്യ വകുപ്പിന് പരാതിയും കൈമാറി. ഇത്തര സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുകയും മതിയായ ശിക്ഷ നൽകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം