മറയൂരില്‍ വൈദ്യുതാഘാതമേറ്റ് ഒരാള്‍ മരിച്ചു. ചട്ടമൂന്നാര്‍ ടോപ്പ് ഡിവിഷന്‍ സ്വദേശി ഗണേശനാണ് മരിച്ചത്

ചട്ടമൂന്നാര്‍ ടോപ്പ് ഡിവിഷന്‍ സ്വദേശി ഗണേശനാണ് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം സംഭവിച്ചത്. തോട്ടം തൊഴിലാളിയായ ഗണേശന്‍ ഇന്നലെ വൈകിട്ട് കന്നുകാലികള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയിരുന്നു. വൈദ്യുതി ലൈനിന് സമീപം നിന്നിരുന്ന മരത്തില്‍ നിന്നും ശിഖരം വെട്ടുന്നതിനിടയില്‍ അപകടം സംഭവിച്ചതാകാമെന്നാണ് നിഗമനം. ഇന്നലെ വൈകിട്ട് വീട്ടില്‍ നിന്നും പോയ ഗണേശന്‍ തിരികെ എത്തിയിരുന്നില്ല.
സാധാരണ നിലയില്‍ വൈകിയായിരുന്നു ഗണേശന്‍ വീട്ടില്‍ എത്താറുണ്ടായിരുന്നത്. രാത്രികാലത്ത് കാപ്പിത്തോട്ടത്തില്‍ കാവല്‍ ജോലിക്ക് പോയേക്കുമെന്നും ഗണേശന്‍ ഇന്നലെ കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. ഇക്കാരണം കൊണ്ടു തന്നെ രാത്രി ഗണേശന്‍ വീട്ടില്‍ എത്തിയിരുന്നില്ലെങ്കിലും കുടുംബാംഗങ്ങള്‍ അന്വേഷിച്ചിരുന്നില്ല. അപകടം നടന്ന പ്രദേശത്ത് കൂടി ഇന്ന് രാവിലെ ആളുകള്‍ എത്തിയപ്പോഴാണ് വൈദ്യുതാഘാതമേറ്റ് ഗണേശന്‍ മരണപ്പെട്ട വിവരം തിരിച്ചറിയുന്നത്. മറയൂര്‍ പോലീസ് സംഭവത്തില്‍ തുടര്‍ നടപടി സ്വീകരിച്ചു.