മുല്ലപ്പെരിയാർ അറ്റപ്പണികൾക്ക് ഒടുവിൽ തമിഴ്നാടിന് അനുമതി;പുതിയ ഡാം നിർമ്മിക്കുന്നതുവരെ മാത്രമെന്ന് ഉത്തരവ്

മുല്ലപ്പെരിയാർ അണക്കെട്ടിൽ അറ്റകുറ്റപ്പണി നടത്താൻ തമിഴ്നാടിന് കേരളത്തിന്റെ അനുമതി ലഭിച്ചതോടെ തുടർ നടപടി ഉടൻ ആരംഭിക്കും. കേരളത്തെ അറിയിക്കാതെ അറ്റകുറ്റപ്പണികൾ നടത്തുന്നത് വിവാദമായതിനെത്തുടർന്നാണ് തമിഴ്നാട് ഔദ്യോഗികമായി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ അനുമതി നൽകിയത്. ഇരു സംസ്ഥാന മുഖ്യമന്ത്രിമാരും കണ്ട് മുട്ടുന്ന വൈക്കത്ത് വച്ച് പ്രശ്നം ചർച്ചചെയ്യുമെന്ന് കരുതിയെങ്കിലും ഇക്കാര്യത്തിൽ ഉദ്യോഗസ്ഥ തല നടപടികളിലൂടെ പരിഹാരം കാണുകയായിരുന്നു.
സംസ്ഥാന അഡിഷണൽ ചീഫ് സെക്രട്ടറിയാണ് അനുമതി നൽകി ഉത്തരവിറക്കിയത്.കഴിഞ്ഞ ദിവസം വനംവകുപ്പിന്റെ വള്ളക്കടവ് ചെക്ക്പോസ്റ്റ് വഴി മുല്ലപ്പെരിയാർ ഡാമിലേയ്ക്ക് മെയിൻ്റൻസിനായി തമിഴ്നാട് കൊണ്ടുവന്ന എം. സാന്റ് ലോറികൾ തടഞ്ഞിട്ടിരുന്നു.പെരിയാർ ടൈഗർ റിസർവ്വിലൂടെ സാധനങ്ങൾ കൊണ്ടുപോകുമ്പോൾ മുൻകൂട്ടി അനുവാദം വാങ്ങണം.ഈ അനുമതി ഇല്ലാതെയാണ് തമിഴ്നാട് വാഹനങ്ങൾ എം സാന്റുമായി എത്തിയത്. സംസ്ഥാന ജലവിഭവ മന്ത്രിയാണ് അനുമതിശുപാർശ ചെയ്യേണ്ടത്.
ചെക്ക് പോസ്റ്റിൽ വനം വകുപ്പ് തടഞ്ഞപ്പോഴാണ് തമിഴ്നാട് അനുമതിക്കായി എത്തിയത്.എന്തെല്ലാം അറ്റകുറ്റപ്പണികളാണ് നടത്തുന്നത് എന്ന് വ്യക്തമാക്കണമെന്ന് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും തമിഴ്നാട് ഉദ്യോഗസ്ഥർ നൽകാൻ ഇത് വ്യക്തമാക്കാൻ തയ്യാറായില്ല.ദിവസങ്ങളോളം കാത്ത് കിടന്ന ശേഷം എം. സാന്റ് മറ്റൊരിടത്ത് ഇറക്കി ലോറി തിരികെകൊണ്ടുപോവുകയായിരുന്നു.
ഏഴ് നിബന്ധനകളോടെയാണ് കേരളം അനുമതി നൽകിയത്. പുതിയ നിർമ്മാണങ്ങൾ നടത്തരുത്, എം.ഐ ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്നവരുടെയോ സാന്നിദ്ധ്യത്തിലാകണം, നിർമ്മാണ സാമഗ്രികൾ കൊണ്ടുപോകുമ്പോൾ വനനിയമങ്ങൾ പാലിക്കണം, മറ്റ് സാമഗ്രികളൊന്നും ഡാം സൈറ്റിൽ കൊണ്ടുവരരുത് തുടങ്ങിയവയാണ് നിബന്ധനകൾ.