ഇടുക്കി ചെമ്പകപ്പാറയിൽ പട്രോളിംഗിനിടെ സംശയകരമായി കണ്ടവരെ ചോദ്യം ചെയ്തതിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റു
ഇടുക്കി മുരിക്കാശ്ശേരി സ്റ്റേഷൻ പരിധിയിൽ ചെമ്പകപ്പാറയിലാണ് സംഭവം. പതിവ് പട്രോളിംഗിനെത്തിയ മുരിക്കാശ്ശേരി സർക്കിൾ ഇൻസ്പെക്ടർ കെ.എം. സന്തോഷ് കുമാറും സംഘവും ചെമ്പകപ്പാറക്ക് സമീപത്ത് വെയിറ്റിംഗ് ഷെഡ്ഡിൽ സംശയാസ്പദമായി കണ്ട മൂന്നു പേരോട് വിവരങ്ങൾ ചോദിക്കുന്നതിനിടെ ഇവർ പോലിസിനോട് തട്ടിക്കയറുകയും, പരസ്പര വിരുദ്ധമായി കാര്യങ്ങൾ പറയും ചെയ്തു. ഇതേ തുടർന്ന് കൂടുതൽ ചോദ്യം ചെയ്തപ്പോൾ പോലീസിനെ ആക്രമിക്കുകയും, സി.ഐ കെ.എം സന്തോഷ് കുമാറിൻ്റെ യൂണിഫോം വലിച്ചു കീറുകയും ചെയ്തതായാണ് വിവരം.
ഇവരുടെ ആക്രമണത്തിൽ എസ്.ഐ. മധുസൂദനൻ, എസ്.സി.പി.ഒ രതീഷ്, സി.പി.ഒ എൽദോസ് എന്നിവർക്കും പരിക്കേറ്റു. ഇവർ മുരിക്കാശ്ശേരി സ്വകാര്യ ആശൂപത്രിയിൽ ചികിൽസ തേടിയിരുന്നു. ആക്രമണം നടത്തിയ കൊന്നത്തടി പെരിഞ്ചാൻ കുട്ടി സ്വദേശികളായ പുത്തൻപുരക്കൽ സുമേഷ് (37) , സഹോദരൻ സുനീഷ് (31) , പള്ളിപ്പറമ്പിൽ ജിജോ (31) എന്നിവരെ കീഴ്പ്പെടുത്തി സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. കരിമണൽ സർക്കിൾ ഇൻസ്പെക്ടർ സുരേഷ് കുമാറിനാണ് സ്റ്റേഷൻ ചുമതല.