ബൈസൺവാലി ചൊക്രമുടിയിലെ കയ്യേറ്റ ഭൂമിയില്‍ നിര്‍മ്മിച്ച തടയണ മൂടേണ്ട സാഹചര്യമില്ലെന്ന് നിര്‍ദേശം
ബൈസൺവാലി ചൊക്രമുടിയിലെ കയ്യേറ്റ ഭൂമിയില്‍ നിര്‍മ്മിച്ച തടയണ മൂടേണ്ട സാഹചര്യമില്ലെന്ന് നിര്‍ദേശം. സ്ഥലം സന്ദര്‍ശിച്ച മണ്ണ് സംരക്ഷണ വകുപ്പിലെയും മൈനര്‍ ഇറിഗേഷന്‍ വകുപ്പിലെയും ഉദ്യോഗസ്ഥരാണ് ബൈസണ്‍വാലി പഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കിയത്. മഴകാലത്ത് മണ്ണിടിച്ചില്‍ സാധ്യത ഉള്ളതിനാലാണ് മണ്ണെടുത്ത് തടയണ മൂടേണ്ട എന്ന നിര്‍ദേശം നല്‍കിയത്.
ബൈസൺവാലി പഞ്ചായത്തിലെ ചൊക്രമുടി മലയുടെ താഴ്ഭാഗത്ത് താമസിക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് ഉള്‍പ്പെടെ തടയണ ഭീഷണിയാണെന്ന് ഐജി കെ.സേതുരാമന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് തടയണ നികത്തണമെന്ന് ആവശ്യപ്പെട്ട് ചൊക്രമുടി സംരക്ഷണസമിതി ജില്ലാ കലക്ടറെ സമീപിച്ചു.ഇതിൽ തുടര്‍നടപടി സ്വീകരിക്കാന്‍ കളക്ടര്‍ ബൈസണ്‍വാലി പഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കി.
ഇക്കാര്യത്തില്‍ സാങ്കേതിക ഉപദേശം തേടി പഞ്ചായത്ത് മൈനര്‍ ഇറിഗേഷന്‍, മണ്ണ് സംരക്ഷണ വകുപ്പുകള്‍ക്ക് കത്തു കൊടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് വകുപ്പുകളുടെയും ഉദ്യോഗസ്ഥര്‍ സ്ഥലത്ത് സന്ദര്‍ശനം നടത്തി. കഴിഞ്ഞദിവസം മൈനര്‍ ഇറിഗേഷന്‍ വിഭാഗം അടിമാലി സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഗിരീഷ് കുമാര്‍, പള്ളിവാസല്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ എ.ആര്‍. അഖിലേഷ്, ജില്ലാ മണ്ണ് സംരക്ഷണ വിഭാഗം ഓഫീസര്‍ എം.ജെ. ജേക്കബ് എന്നിവര്‍ വീണ്ടും സ്ഥലം സന്ദര്‍ശിച്ചു.
ഇതേ സ്ഥലത്തു നിന്ന് തന്നെ മണ്ണെടുത്ത് തടയണ നികത്തിയാല്‍ മഴക്കാലത്ത് മണ്ണിടിച്ചില്‍ സാധ്യത വര്‍ദ്ധിക്കുമെന്നും നിലവില്‍ തടയണയില്‍ വെള്ളം സംഭരിക്കപ്പെടാവുന്ന സാഹചര്യമല്ലെന്നും സംഘം വിലയിരുത്തി. തടയണയില്‍ വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ ജിയോ സിന്തറ്റിക് ക്ലെ ലൈനര്‍ ഷീറ്റ് വിരിച്ച് പുല്ല്, രാമച്ചം പോലുള്ള സസ്യങ്ങള്‍ വച്ചു പിടിപ്പിക്കണം എന്നും വിദഗ്ധസംഘം നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദഗ്ധ സംഘം നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ക്ക് വിശദീകരണം നല്‍കുമെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. അതിനിടെ ചൊക്രമുടിയിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് ചൊക്രമുടി സംരക്ഷണസമിതി പരാതി നല്‍കി.