ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിൽ വന്യജീവി ശല്യം അതിരൂക്ഷമാകുന്നു
ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിൽ വന്യജീവി ശല്യം അതിരൂക്ഷമാകുന്നു. പാമ്പാടുംപാറ, കരുണാപുരം എന്നിവിടങ്ങളിൽ ജനങ്ങളുടെ സ്വൈര്യ ജീവിതം തകർതാണ് കാട്ടുപോത്തുകൾ വിലസുന്നത്. ജനങ്ങളുടെ ജീവന് ആപത്തുണ്ടാകാൻ കാത്തുനിൽക്കാതെ വനം വകുപ്പ് അടിയന്തിര ഇടപെടൽ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.കഴിഞ്ഞ ദിവസങ്ങളിലും പാമ്പാടുംപാറയിൽ കാട്ടുപോത്ത് എത്തി. തെക്കേ കുരിശുമല റോഡിലാണ് രാത്രിയോടെ കാട്ടുപോത്തിനെ കണ്ടത്. പ്രദേശത്തെ കൃഷിയും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. ഓരോ ദിവസവും ജനങ്ങളുടെ ആശങ്ക വർദ്ധിക്കുകയാണ്.ഇ ക്കാര്യം പലതവണ വനം വകുപ്പിനേ അറിയിച്ചിട്ടും നടപടികൾ ഒന്നും ഉണ്ടാകുന്നില്ലന്നാണ് നാട്ടുകാരുടെ പരാതി. പ്രശ്നത്തിൽ അടിയന്തിര പരിഹാരം കാണണമെന്ന് തദ്ദേശസ്ഥാപന പ്രതിനിധികളും ആവശ്യപ്പെട്ടു.
700 കിലോയോളം വലിപ്പമുള്ള പോത്തുകളാണ് ഏലത്തോട്ടത്തിലും, ജനവാസ മേഖലയിലും ചുറ്റിക്കറങ്ങുന്നത്. ആളുകൾ പലപ്പോഴും രക്ഷപ്പെട്ടത് തലനാരിഴക്കാണ്.കാട്ടുപോത്തിനെ ഓടിക്കാൻ നാട്ടുകാരും വനം വകുപ്പും ഇടയ്ക്ക് ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടു. എവിടെ നിന്നാണ് കാട്ടുപോത്ത് എത്തിയതെന്ന് നാട്ടുകാർക്ക് അറിയില്ല. വനം വകുപ്പ് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.