മുല്ലപ്പെരിയാറിലേക്ക് അനുമതി ഇല്ലാതെ മണൽ കടത്താൻ ശ്രമം നടത്തിയവരെ തടഞ്ഞു വനംവകുപ്പ്
കേരളത്തിൻ്റെ അനുമതി ഇല്ലാതെ മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് പാറമണൽ കൊണ്ടുപോകാനുള്ള നീക്കം വനം വകുപ്പ് തടഞ്ഞു.ബുധനാഴ്ച വൈകിട്ട് 5 മണിയോടെയാണ് പെരിയാർ കടുവ സങ്കേതത്തിലെ വള്ളക്കടവ് ചെക്കു പോസ്റ്റുവഴി മണലുമായി രണ്ട് ലോറികൾ എത്തിയത്.അണക്കെട്ടിൽ നടത്തുന്ന അറ്റകുറ്റപണികൾ, മറ്റ് നിർമ്മാണ ജോലികൾ എന്നിവ സംബന്ധിച്ച് വിശദ വിവരങ്ങൾ കേരളത്തെ അറിയിക്കുകയും ഇതിനാവശ്യമായ സാമഗ്രഹികൾ കൊണ്ടു പോകുന്നതിന് അണക്കെട്ടിൻ്റെ ചുമതലയുള്ള കേരള മൈനർ ഇറിഗേഷൻ അധികൃതരുടെ മുൻകൂർ അനുമതി വാങ്ങണമെന്നുമാണ് നിലവിലുള്ള ധാരണ.എന്നാൽ ഇത് പലപ്പോഴും പാലിക്കാൻ തമിഴ്നാട് ഉദ്യോഗസ്ഥർ തയ്യറല്ല.
ബുധനാഴ്ച ഇത്തരത്തിൽ കേരളത്തിൻ്റെ അനുമതി വാങ്ങാതെയാണ് ലോറികളിൽ മണൽ എത്തിച്ചത്. മൈനർ ഇറിഗേഷൻ്റെ അനുമതിരേഖകൾ ഇല്ലാത്തതിനാൽ മണൽ കടത്തിവിടാൻ കഴിയില്ലന്ന് വനം വകുപ്പ് അധികൃതർ അറിയിക്കുകയായിരുന്നു.ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള അണക്കെട്ടിൻ്റെ ബലം സംബന്ധിച്ച് വിദഗ്ധ പരിശോധന നടത്താൻ കേന്ദ്ര ജല കമ്മീഷൻ നിർദ്ദേശം നൽകിയിരിക്കുന്ന ഘട്ടത്തിൽ, കേരളത്തിൻ്റെ അനുമതി ഇല്ലാതെ മണൽ കടത്തിക്കൊണ്ടു പോയി അറ്റകുറ്റപണികൾ നടത്താനാണോ തമിഴ്നാടിൻ്റെ ശ്രമമെന്ന സംശയം ശക്തമാണ്.




