സിപിഐ എം കട്ടപ്പന ഏരിയ സമ്മേളനം 6,7 തീയതികളിൽ

2025 ഏപ്രിൽ 2 മുതൽ 6 വരെ തമിഴ്‌നാട്ടിലെ മധുരയിൽ നടക്കുന്ന സിപിഐ എം 24 ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള കട്ടപ്പന ഏരിയ സമ്മേളനം 6,7 തീയതികളിൽ സീതാറാം യെച്ചൂരി നഗറിൽ(കട്ടപ്പന സിഎസ്ഐ ഗാർഡൻ) നടക്കും. സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഏരിയ സെക്രട്ടറി വി ആർ സജി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന സമ്മേളനം ഫെബ്രുവരി 25 മുതൽ 28 വരെ കൊല്ലത്തും ഇടുക്കി ജില്ലാ സമ്മേളനം ഫെബ്രുവരി 4 മുതൽ 6 വരെ തൊടുപുഴയിലുമായി നടക്കും.
ഇതിന് മുന്നോടിയായി ഏരിയയുടെ കീഴിലെ 116 ബ്രാഞ്ച് സമ്മേളനങ്ങളും 8 ലോക്കൽ സമ്മേളനങ്ങളും പൂർത്തിയായി. കട്ടപ്പന നഗരസഭ, കാഞ്ചിയാർ, ഇരട്ടയാർ പഞ്ചായത്തുകൾ എന്നിവയാണ് ഏരിയയുടെ പ്രവർത്തനമേഖല.സമ്മേളനത്തിനുമുന്നോടിയായി പി ബി ഷാജി ക്യാപ്റ്റനും ജോയി ജോർജ് വൈസ് ക്യാപ്റ്റനുമായ പതാക ജാഥ 5 ന് വൈകിട്ട് നാലിന് ഇരട്ടയാറിൽ നിന്നാരംഭിക്കും. അനശ്വര രക്തസാക്ഷി കെ കെ വിനോദിൻ്റെ അമ്മ വള്ളിയമ്മ പതാക കൈമാറും. സ്വാഗതസംഘം ചെയർമാൻ മാത്യു ജോർജ് ഉദ്ഘാടനം ചെയ്യും.
ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ കട്ടപ്പന ഹിൽടൗൺ ജങ്ഷനിലെത്തുന്ന ജാഥ, പ്രകടനമായി പ്രതിനിധി സമ്മേളന നഗറിൽ എത്തിച്ചേരുമ്പോൾ ഏരിയ സെക്രട്ടറി വി ആർ സജി ഏറ്റുവാങ്ങും.വെള്ളിയാഴ്ച രാവിലെ 10 ന് പ്രതിനിധി സമ്മേളനം എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്യും. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി. ജില്ലാ സെക്രട്ടറി സി വി വർഗീസ് തുടങ്ങിയവർ സംസാരിക്കും. ശനിയാഴ്ച പകൽ മൂന്നിന് കട്ടപ്പന ടൗൺ ഹാൾ പരിസരത്തുനിന്ന് നഗരത്തിലേക്ക് റെഡ് വളൻ്റീയർ മാർച്ച്.
പൊതുസമ്മേളനം കോടിയേരി ബാലകൃഷ്ണൻ നഗറിൽ(കട്ടപ്പന ഓപ്പൺ സ്റ്റേഡിയം) സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യും. എം എം മണി എംഎൽഎ, ജില്ലാ സെക്രട്ടറി സി വി വർഗീസ്, സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി തുടങ്ങിയവർ സംസാരിക്കും. ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് രാഹുൽ കൊച്ചാപ്പിയും സംഘവും അവതരിപ്പിക്കുന്ന കോട്ടയം തുടിയുടെ നാടൻ പാട്ട് അരങ്ങേറും.
വളരെയേറെ രാഷ്ടീയ പ്രാധാന്യമുള്ള ഈ കാലഘട്ടത്തിൽ നടക്കുന്ന സമ്മേളനം കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പാർട്ടി തുടർന്നുവരുന്ന പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്തുന്നതിനാവശ്യമായ തീരുമാനങ്ങളെടുക്കും ഭരണഘടന വിഭാവനം ചെയ്യുന്ന എല്ലാ മൂല്യങ്ങളെയും തകർക്കുകയാണ് മോദി സർക്കാർ. ഇന്ത്യയിലെ പാവപ്പെട്ടവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാതെ വൻകിട കോർപ്പറേറ്റുകളെ സഹായിക്കുന്ന സമീപനം സ്വീകരിച്ചുവരുന്നു.
പാർലമെൻ്ററി ജനാധിപത്യവും ഫെഡറൽ സംവിധാനവും തകർക്കുന്നതിനായി ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന ലക്ഷ്യവുമായി ഇവർ മുന്നോട്ടുപോകുന്നു. മോദിയുടെ ആഗോളവൽക്കരണ നയത്തിനും മതരാഷ്ട്രവാദത്തിനുമെതിരെ ശക്തമായ പോരാട്ടം നടത്തേണ്ടതുണ്ട്.അതേസമയം എൽഡിഎഫ് സർക്കാർ വികസന ക്ഷേമ പദ്ധതികളുമായി മുന്നോട്ടുപോകുന്നു. കേരളത്തെ ലോകോത്തര നിലവാരത്തിൽ വികസിത രാഷ്ട്രങ്ങളുമായി മത്സരിക്കാൻ വിധമുള്ള സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം.
സർക്കാരിനെ ഉപയോഗപ്പെടുത്തി കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കാൻ ശ്രമിക്കുന്നു. അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കുന്നു. 400 ലേറെ പേരുടെ ജീവൻ നഷ്ടമായ വയനാട് ചൂരൽമല, മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാതെയും ധനസഹായം അനുവദിക്കാതെയും വഞ്ചിച്ചു. ഇത്തരം നയങ്ങൾക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്ന സിപിഐ എമ്മിനെ ശക്തിപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ മാത്യു ജോർജ്, കൺവീനർ എം സി ബിജു, ട്രഷറർ ടോമി ജോർജ് എന്നിവർ പങ്കെടുത്തു..