കട്ടപ്പന ഇടുക്കിക്കവലയിൽ അപകട ഭീഷണി ഉയർത്തി നില്ക്കുന്ന മരങ്ങളുടെ ചില്ലകൾ വെട്ടി മാറ്റണമെന്ന ആവശ്യം ശക്തം

കട്ടപ്പന വെള്ളയാംകുടി റൂട്ടിൽ ഇടുക്കിക്കവലയ്ക്ക് സമീപം കട്ടപ്പന ട്രൈബൽ സ്കൂൾ ഭാഗത്താണ് അപകട ഭീഷണി ഉയർത്തി വാകമരങ്ങൾ നിലകൊള്ളുന്നത്.മുൻപ് റോഡിലേക്ക് ചാഞ്ഞു നിന്നിരുന്ന മരങ്ങൾ വലിയ അപകടസാധ്യത ഉയർത്തിയ സാഹചര്യത്തിൽ നഗരസഭ ഇടപെട്ട് കുറച്ചുഭാഗത്തെ ശിഖരങ്ങൾ മുറിച്ചു മാറ്റിയിരുന്നു. എന്നാൽ അതിന്റെ ബാക്കിവരുന്ന ഭാഗത്താണ് റോഡിലേക്ക് ചാഞ്ഞു മരചില്ലകൾ നിലകൊള്ളുന്നത്.
ഇന്നലെ ഇതുവഴി കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ യാത്ര ചെയ്യുന്ന വേളയിൽ മരച്ചില്ല ഒടിഞ്ഞു വീണിരുന്നു. അത്ഭുതകരമായിട്ടാണ് വിദ്യാർത്ഥികളും അതുവഴി സഞ്ചരിച്ചിരുന്ന വാഹനവും അപകടത്തിൽ പെടാതെ രക്ഷപെട്ടത്. തുടർന്നാണ് നാട്ടുകാരുടെ നേതൃത്വത്തിൽ മരച്ചില്ലകൾ മുറിച്ചു മാറ്റണം എന്ന് ആവശ്യപ്പെട്ട് ബോർഡുൾപ്പെടെ സ്ഥാപിച്ചു.. നൂറുകണക്കിന് വാഹനങ്ങളും വിദ്യാർത്ഥികളും ഇതു വഴി ദിവസേന കടന്നു പോകുന്നുണ്ട്.
റോഡിന് മറുഭാഗത്തുള്ള വിവിധ സ്ഥാപനങ്ങൾക്കും ഈ മരചില്ലകൾ വലിയ ഭീഷണിയാണ് ഉയർത്തുന്നത്. മഴ പെയ്താൽ ഇലക്കനമുള്ള ശിഖരങ്ങൾ ഏതു നിമിഷവും നിലം പതിക്കുമെന്ന ആശങ്കയിലാണിവർ.നഗരസഭ അധികൃതർ അടിയന്തിരമായി ഇടപെട്ട് അപകടസാധ്യത ഉയർത്തുന്ന മരചില്ലകൾ മുറിച്ചു മാറ്റാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.