കുടിവെള്ള പദ്ധതി: കട്ടപ്പനയ്ക്ക് 20.6 കോടി അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍,കട്ടപ്പന കുടിവെള്ള പദ്ധതിയ്ക്കായി ആകെ ചെലവാക്കുന്നത് 80 കോടി

കട്ടപ്പന മുനിസിപ്പാലിറ്റിയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് 20.6 കോടി രൂപയുടെ പ്രവൃത്തിക്ക് അമൃത് SWAP 3 പ്രകാരം അനുമതി ലഭിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. മുടങ്ങിപ്പോയ 2002 ലെ ത്വരിത ഗ്രാമീണ കുടിവെള്ള പദ്ധതി (ARP) നവീകരിച്ചാണ് പുതിയ പദ്ധതി തയാറാക്കിയിരിക്കുന്നത്. നിലവില്‍ കട്ടപ്പന മുനിസിപ്പാലിറ്റിയുടെ വിതരണ ശൃംഖല വിപുലീകരിക്കുന്നതിന് 16.35 കോടി രൂപയുടെ പ്രവൃത്തികള്‍ അമൃത് SWAP 2 പ്രകാരം നടന്നുവരികയാണ്.
ഇതിനു പുറമെയാണ് അമൃത് SWAP 3 പ്രകാരം ഇപ്പോള്‍ അനുമതി ലഭിച്ച 20.6 കോടി രൂപയുടെ ഭരണാനുമതി. 57.8 കിലോമീറ്റര്‍ ദൂരത്തില്‍ വിതരണ ശൃംഖലകളും, 4000 കുടിവെള്ള കണക്ഷനുകളുമാണ് ഈ പ്രവൃത്തിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇങ്ങനെ അമൃത് പദ്ധതി പ്രകാരം 7420 കുടിവെള്ള കണക്ഷനുകള്‍ ആണ് മുനിസിപ്പാലിറ്റിയില്‍ കൊടുക്കുവാന്‍ ഉദ്ദേശിക്കുന്നത്. കട്ടപ്പന, അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകള്‍ക്കായി കുടിവെള്ള പദ്ധതി ആവിഷ്‌കരിച്ചെങ്കിലും ഫണ്ടുകളുടെ അപര്യാപ്തത മൂലം അവ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല.
അന്ന് തോണിത്തടിയിലെ കിണര്‍, ആലടിയില്‍ ഏഴു ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ജല ശുദ്ധീകരണശാല, ലബ്ബക്കട, കല്‍ത്തൊട്ടി, മേപ്പാറ, നരിയംപാറ ടോപ്പ്, നരിയംപാറ ബോട്ടം, മുളകരമേട്, കൊച്ചുതോവാള, മേരികുളം, ആലടി കുരിശുമല എന്നിവിടങ്ങളിലെ സംഭരണികള്‍, വിവിധ പ്രദേശങ്ങളിലെ വിതരണ പ്രേഷണ ലൈനുകള്‍ എന്നിവ പൂര്‍ത്തിയാക്കിയിരുന്നു. പിന്നീട് മുനിസിപ്പാലിറ്റിയായ കട്ടപ്പനയില്‍ KIIFB-യുടെ സഹായത്തോടെ ശേഷിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് കുടിവെള്ള വിതരണം സാധ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ മുടങ്ങിക്കിടന്നിരുന്ന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനും കൂടുതല്‍ ജലലഭ്യത ഉറപ്പാക്കുന്നതിലേക്കുമായി അഞ്ചുരുളിയില്‍ നിന്നും വെള്ളം ലഭിക്കുന്നതിനുമുള്‍പ്പെടെ 43 കോടി രൂപയുടെ ഫണ്ടും ലഭ്യമാക്കും. മുനിസിപ്പാലിറ്റിയില്‍ നിലവില്‍ ബോര്‍വെല്‍ സംവിധാനത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു മിനി കുടിവെള്ള പദ്ധതിയാണ് നിലവിലുള്ളത്.
അഞ്ചുരുളിയില്‍ സ്ഥാപിക്കുന്ന 35 ദശലക്ഷം ശേഷിയുള്ള ശുദ്ധീകരണ പ്ലാന്റില്‍ നിന്നും 10 MLD വെള്ളം പ്രത്യേക ലൈന്‍ സ്ഥാപിച്ച് മുനിസിപ്പാലിറ്റിയിലെ കല്ലുകുന്നില്‍ പുതുതായി സ്ഥാപിക്കുന്ന 10 ലക്ഷം ലിറ്റര്‍ ശേഷിയുള്ള സംഭരണിയില്‍ എത്തിച്ച് വിതരണം ചെയ്യാനാണ് KIIFBയില്‍ നിന്നും ലഭ്യമാകുന്ന തുക കൊണ്ട് ഉദ്ദേശിക്കുന്നത്. 27.5 കോടി രൂപ അടങ്കല്‍ തുകയുള്ള അഞ്ചുരുളിയിലെ പുതിയ ജലശുദ്ധീകരണ ശാല ഡിസംബറോടെ പണി തുടങ്ങും.
മുനിസിപ്പാലിറ്റിയിലെ ബാക്കി ഇടങ്ങളില്‍ വിതരണ ശൃംഖല സ്ഥാപിച്ച് കണക്ഷനുകള്‍ കൊടുക്കുന്നതിനു വേണ്ട എസ്റ്റിമേറ്റ് പുതിയ ഭരണാനുമതിക്ക് വേണ്ടി തയ്യാറാക്കി വരുന്നു. ആലടിയില്‍ സജ്ജമാക്കിയിട്ടുള്ള ശുദ്ധീകരണ പ്ലാന്റ് പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ അമൃത് പദ്ധതിയില്‍ സ്ഥാപിക്കുന്ന പൈപ്പ് ലൈനുകളിലും ഇവയിലെ കണക്ഷനുകളിലും കുടിവെള്ളം ലഭ്യമാകും. ഇതു കൂടി ചേരുമ്പോള്‍ കട്ടപ്പന കുടിവെള്ള പദ്ധതിയ്ക്കാകെ 80 കോടി രൂപയുടെ പ്രവൃത്തികളാണ് നടക്കുവാന്‍ പോകുന്നത്.