കർഷകരെ കയേറ്റക്കാരായി കാണരുത്: മലയോര അവകാശ വേദി, മുല്ലക്കാനത്ത് കർഷക കൂട്ടായ്മ
ഹൈറേഞ്ച് മുഴുവൻ വനമായി പ്രഖ്യാപിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൽകിയിട്ടുള്ള കേസിൽ ഹൈറേഞ്ചിൽ പട്ടയ നടപടികൾ നിരോധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കർഷക വ്യാപാരി സമൂഹത്തിന്റെ പ്രതിഷേധം തുടരുകയാണ്. രാജാക്കാട് മുല്ലക്കാനത്ത് പാട്ട കൃഷിക്കാരും പട്ടയ ഭൂമിയിൽ കൃഷി നടത്തുന്നവരും വ്യാപാരികളും അടക്കം ആളുകൾ യോഗം ചേർന്നു.
നിക്ഷിപ്ത താല്പര്യങ്ങളുമായി പരിസ്ഥിതി സംഘടന നേതാക്കളായി വേഷം ധരിച്ച ആളുകൾ നൂറ്റാണ്ട് പഴക്കമുള്ള ജനവാസത്തെ കടപുഴക്കി എറിയുവാനും ഹൈറേഞ്ച് സമ്പൂർണ്ണമായി വനമാക്കി മാറ്റുവാനും നടത്തുന്ന നീക്കങ്ങൾക്ക് തടയിടുവാൻ യോഗം തീരുമാനിച്ചു. 1980ലെ വനസംരക്ഷണ നിയമപ്രകാരം വനമായി പ്രഖ്യാപിച്ചിട്ടുള്ള ഭൂമിയിൽ പോലും ഹൈറേഞ്ചിലെ കൃഷിക്കാർക്കും കച്ചവടക്കാർക്കും അവകാശം സ്ഥാപിക്കുവാൻ കഴിയുന്ന വിധത്തിലാണ് കഴിഞ്ഞവർഷം ഡിസംബറിൽ നിലവിൽ വന്ന കേന്ദ്ര വനസംരക്ഷണ ഭേദഗതി നിയമം.
ഭേദഗതി അനുസരിച്ച് 1996 ഡിസംബർ 12ന് മുമ്പ് വനഭൂമിയിൽ ആണെങ്കിൽ പോലും കൃഷിയോ കച്ചവടമോ നടത്തിയതായി തെളിയിക്കാൻ കഴിഞ്ഞാൽ വന നിയമത്തിൽ നിന്ന് ഒഴിവാകുവാൻ കഴിയും. ഇതിനായി മുഴുവൻ കർഷകരുടെയും വ്യാപാരികളുടെയും അപേക്ഷകൾ ബന്ധപ്പെട്ട വിദഗ്ധസമിതിക്കും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനും നൽകുന്ന പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കും.
മുല്ലക്കാനത്ത് ചേർന്ന യോഗത്തിൽ മലയോര അവകാശ വേദി ചെയർമാൻ ബേബി മാത്യു അധ്യക്ഷൻ ആയിരുന്നു. ജനറൽ കൺവീനർ ബെന്നി പാലക്കാട്, വൈസ് ചെയർമാൻ സിബി കൊച്ചുവള്ളാട്ട്, കൺവീനർമാരായ ജെയിംസ് തെങ്ങുംകുടി, ജോബി പടിഞ്ഞാറെ കുറ്റ് എന്നിവർ പ്രസംഗിച്ചു. യോഗം മുല്ലക്കാനം മേഖലാ കമ്മിറ്റി രൂപീകരിച്ചു. തങ്കച്ചൻ വെട്ടുകല്ലിൽ ചെയർമാൻ, ബേബി ചക്കാങ്കൽ കൺവീനർ, ജോയ് കാരക്കാട്ടിൽ ട്രഷറർ എന്നിവരടങ്ങിയ 50 അംഗ സമിതി കർഷകർക്കും വ്യാപാരികൾക്കും ഇടയിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.