കാഞ്ചിയാറിൽ ഇരിക്കാൻ ഒരു ഇരിപ്പടം കൊടുത്തു എന്നുള്ളതാണ് റവന്യൂ വകുപ്പ് വനം വകുപ്പിനോട് ചെയ്തിട്ടുള്ള തെറ്റ് എന്ന് സിപിഐ ജില്ല സെക്രട്ടറി കെ സലിംകുമാർ

കാഞ്ചിയാർ പള്ളികവലയിൽ റവന്യൂ വകുപ്പ് സ്ഥലം വനം വകുപ്പ് കയ്യടക്കി സൂക്ഷിക്കുന്നതിനെതിരെയാണ് സിപിഐ കാഞ്ചിയാർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നയ വിശദീകരണയോഗം സംഘടിപ്പിച്ചത്. പള്ളിക്കവലയിൽ വനം വകുപ്പ് കൈവശം വച്ചിട്ടുള്ള 12 ഏക്കറോളം റവന്യൂ ഭൂമി സർക്കാർ തിരിച്ചു പിടിച്ച് കാഞ്ചിയാർ പഞ്ചായത്തിൻ്റെയും അതുവഴി പള്ളികവലയുടെയും സമഗ്രവികസനം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സിപിഐ യോഗം നടത്തിയത്.
കല്ലാർ പട്ടംകോളനി രൂപീകരണവുമായി ബന്ധപെട്ട് ആ പ്രദേശത്തുള്ള നൂറോളം കുടുംബങ്ങൾക്കു ഭൂമി നൽകിയത് കാഞ്ചിയാറിലാണ്. മിച്ചം വന്ന 12 ഏക്കറോളം ഭൂമിയിൽ ചില കയ്യേറ്റങ്ങൾ തുടങ്ങിയപ്പോൾ, അതിന് തടയിടുവാൻ നോട്ടത്തിനായി വനം വകുപ്പിനെ ഏൽപ്പിച്ച സ്ഥലം അവർ അവകാശമാക്കുകയായിരുന്നു.ഇത് ഒരു കാരണവശാലും അനുവദിക്കാനാവില്ല. റവന്യൂ ഭൂമി റവന്യൂ ഭൂമിയായി നിലനിന്നെങ്കിലേ നാട്ടിൽ സമഗ്രവികസനം സാദ്ധ്യമാകൂ. ഭൂമി വനം വകുപ്പിൻ്റെ കയ്യിലിരുന്നിൽ നാട് കാടായി മാറും. ജനവാസ മേഖല വന്യ മൃഗങ്ങൾ കയ്യടക്കും.
ജില്ലയിലെ പട്ടയ വിതരണ നടപടി തടസപ്പെടുത്തുവാനും കോടതികളിൽ കപട പരിസ്ഥിതി സംഘടനകളെ കൂട്ടു പിടിച്ച് പട്ടയ നടപടി അട്ടിമറിക്കുവാനുമാണ് യുഡിഎഫ് ശ്രമമെന്നും പള്ളിക്കവലയിലെ സ്ഥലം തിരിച്ചു പിടിക്കണം എന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ പറഞ്ഞു.
യോഗത്തിൽ സ്വരാജ് ലോക്കൽ സെക്രട്ടറി സജി കുന്നുംപുറം അധ്യക്ഷത വഹിച്ചു. സി പി ഐ കട്ടപ്പന മണ്ഡലം സെക്രട്ടറി വി ആർ ശശി, ജില്ല കൗൺസിൽ അംഗം തങ്കമണി സുരേന്ദ്രൻ, സിപിഐ കാഞ്ചിയാർ ലോക്കൽ സെക്രട്ടറി പി ജെ സത്യപാലൻ എന്നിവർ സംസാരിച്ചു.കെ ആർ ജനാർദ്ദനൻ നായർ, വിജയകുമാരി ജയകുമാർ, സുരേഷ് ബാബു, സുഷമ ശശി, രാജേഷ് ദാസ് എന്നിവർ പങ്കെടുത്തു.