വഴി വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്ഥലം ഉടമയും ഗുണ്ടകളും ഭീഷണിപ്പെടുത്തി എന്ന് പരാതി
പീരുമേട് പാമ്പനാർ പുതുവലിൽ താമസിക്കുന്ന അരുവിക്കൽ ഹൗസിൽ ധർമ്മർ,ഡെയ്സി റാണി, രമ്യ എന്നിവരാണ് അടുത്തുള്ള സ്ഥലം ഉടമയും ഗുണ്ടകളും ചേർന്ന് വഴി വിട്ടു നൽകണം എന്ന് പറഞ്ഞുകൊണ്ട് നിരന്തരം ഭീഷണിപ്പെടുത്തുന്നതെന്ന് പരാതിയുമായി എത്തിയിരിക്കുന്നത്. 1994 ലാണ് പഴയ പാമ്പനാർ പുതുവൽ ഭാഗത്ത് 10 സെന്റ് സ്ഥലം രമ്യയുടെ പിതാവ് ധർമ്മർ വാങ്ങുന്നത് ഇതിനുശേഷം 95 ൽ ഇവിടെ രണ്ടു മുറിയുള്ള വീട് വയ്ക്കുകയും ചെയ്തു.
ഈ സമയത്ത് സ്ഥലം ഉടമ ഇവരുടെ വീട്ടിലേക്ക് പോകാനുള്ള വഴി മാത്രമാണ് നൽകിയിരുന്നത്. ഇങ്ങനെയിരിക്കെ 2015 മുതൽ തന്നെ ഈ സ്ഥലവുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകൾക്ക് വഴി വിട്ടു നൽകണമെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തുകയും തുടർന്ന് ഇതുവഴി ആരും കയറാൻ പാടില്ല എന്ന് കോടതി ഉത്തരവ് വാങ്ങുകയും ചെയ്തു. പിന്നീട് രമ്യ വിദേശത്തേക്ക് ജോലിക്ക് പോവുകയായിരുന്നു ഈ സമയം രമ്യയുടെ ഏഴാംക്ലാസിൽ പഠിക്കുന്ന മകളും അച്ഛനും അമ്മയും മാത്രമാണ് ഇവിടെ താമസിച്ചുവന്നിരുന്നത്.
തിരിച്ചെത്തിയശേഷം വീട് പുതുക്കിപ്പണി ആരംഭിച്ചതോടെയാണ് വീണ്ടും പ്രശ്നങ്ങൾക്ക് തുടക്കമാകുന്നത്. പാർട്ടി ആളുകൾ ആണെന്ന് കാണിച്ചുകൊണ്ട് പ്രദേശവാസിയായ സൈജൻ എന്ന വ്യക്തി തങ്ങളുടെ സ്ഥലത്ത് അതിക്രമിച്ച കയറുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായും ഇത് സംബന്ധിച്ച പരാതികൾ നൽകിയിട്ടും പോലീസും വേണ്ട നടപടികൾ ഒന്നും തന്നെ സ്വീകരിക്കുന്നില്ല എന്നും രമ്യ പറഞ്ഞു.
ഇതിനിടയിൽ അതിക്രമിച്ച കയറാൻ എത്തിയ സ്ത്രീയുമായി വാക്കേറ്റം ഉണ്ടാവുകയും രമ്യയുടെ മകൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അശ്വിനിയെയും മാതാവ് ഡെയ്സി റാണിയെയും മർദ്ദിക്കുകയും ചെയ്തു. എന്നാൽ ഇവർ മർദ്ദിച്ചു എന്ന ആരോപിച്ചുകൊണ്ട് ഈ കുടുംബത്തിലെ മൂന്നുപേർക്കെതിരെ കള്ള പരാതി പോലീസിൽ നൽകി പോലീസുകാരെ ഉപയോഗിച്ചുകൊണ്ട് ഭീഷണി മുഴക്കുന്നതായും ഡെയ്സി റാണി പറയുന്നു.പ്രശ്നക്കാരായ സ്ഥലം ഉടമകൾക്ക് മറ്റൊരു വശത്തുകൂടി വഴി ഉള്ളതാണ്.10 സെന്റ് സ്ഥലം ആണ് തങ്ങൾക്ക് ഇവിടെ ഉള്ളത് തങ്ങളുടെ വീട്ടിലേക്ക് വരാനുള്ള വഴി മാത്രമാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്.
എന്നാൽ ഇതിൽ നിന്നും തങ്ങളുടെ സ്ഥലത്തെ അതിർത്തിയുമായി പോലും യാതൊരു ബന്ധവുമില്ലാത്ത ആളുകൾക്ക് വഴി വിട്ടു നൽകണമെന്ന് പറഞ്ഞാണ് ഇവർ നിരന്തരം ഭീഷണിപ്പെടുത്തുന്നതെന്നും വീട് നിർമ്മാണത്തിന് ആവശ്യമായ എൻ ഒ സി ക്ക് വേണ്ടി പഞ്ചായത്തിൽ എത്തിയപ്പോൾ പോലും തങ്ങളുടെ സ്ഥലം അവർക്ക് വിട്ടു നൽകിയാലെ എൻഒസി വരെ തരികയുള്ളൂ എന്ന് പ്രസിഡന്റ് അടക്കമുള്ള ആളുകൾ പറഞ്ഞതായും രമ്യ പറഞ്ഞു.
എന്നാൽ ഇതേസമയം ചെന്നൈ സ്വദേശികളായ സ്ഥലം ഉടമകൾ വഴിയില്ലാത്ത സ്ഥലം വിൽക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഗുണ്ടകളെ ഉപയോഗിച്ചുകൊണ്ട് ഭീഷണിപ്പെടുത്തുന്നതെന്നും ഇതിനെതിരെ ഇടുക്കി ജില്ലാ കളക്ടർ അടക്കമുള്ള റവന്യൂ അധികൃതർക്കും കോടതിയിലും പരാതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് എന്നും ഇവർ പറയുന്നു. ഇതേസമയം ഭർത്താവ് ഇല്ലാതെ പെൺകുട്ടിയുമായി തനിച്ച് താമസിക്കുന്ന തങ്ങൾക്കെതിരെ നടത്തുന്ന ഗുണ്ടാ വിളയാട്ടത്തിൽ വേണ്ട നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും കുടുംബം ആവശ്യപ്പെട്ടു.