കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ വനമേഖലയില്‍ കുടില്‍ കെട്ടി താമസിക്കാന്‍ ശ്രമിച്ച തമിഴ്നാട്ടില്‍ നിന്നുള്ള കര്‍ഷകരെ വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് സ്ഥലത്ത് നിന്നും ഒഴിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു
കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ വനമേഖലയില്‍ കുടില്‍ കെട്ടി താമസിക്കാന്‍ ശ്രമിച്ച തമിഴ്നാട്ടില്‍ നിന്നുള്ള കര്‍ഷകരെ വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് സ്ഥലത്ത് നിന്നും ഒഴിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു.
തമിഴ്നാട്, തേനി ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന കമ്പം വെസ്റ്റ് ഫോറസ്റ്റിന് കീഴില്‍ തമിഴ്നാട്ടിലെ വനമേഖലയായ ചുരങ്കനാര്‍ റിസര്‍വിലെ സ്ഥലത്താണ് ആശാരിപള്ളത്ത് ഗൂഡല്ലൂര്‍ മേഖലയിലുള്ള കര്‍ഷകര്‍ കുടില്‍ കെട്ടിയത്. 1993-ല്‍ ഈ പ്രദേശത്ത് നിന്ന് കുടിയൊഴിക്കപ്പെട്ട 18 കുടുംബങ്ങളാണ്
ഈ സ്ഥലം വീണ്ടും കൈവശമാക്കാന്‍ ശ്രമം നടത്തിയത്.തങ്ങള്‍ക്ക് അനുകൂലമായി കോടതി ഉത്തരവ് ലഭിച്ചു എന്നാണ് കര്‍ഷകര്‍ അവകാശപ്പെടുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെഇരുപതോളം പേരാണ് കഴിഞ്ഞ ഞായറാഴ്ച മുതല്‍ വനത്തില്‍ ടെന്റ് കെട്ടി തങ്ങളുടെ ഭൂമി വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങിയത്. ആദ്യ ദിവസം വനപാലകര്‍ചര്‍ച്ച നടത്തിയെങ്കിലും ഇവര്‍ സ്ഥലം ഒഴിഞ്ഞു പോകാന്‍ തയാറായില്ല.
തുടര്‍ന്ന് രണ്ട് ദിവസം ഒരു ചര്‍ച്ചകള്‍ക്കും ഉദ്യോഗസ്ഥരും തയാറായില്ല. ബുധനാഴ്ച രാവിലെ ഉത്തമപാളയം റവന്യൂ കമ്മീഷണര്‍ ബാല്‍പാണ്ടിയും തേനി ജില്ലാ വനംവകുപ്പിലെ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കര്‍ഷകരുമായി നേരിട്ട് ചര്‍ച്ച നടത്തി. അനുനയത്തില്‍ ഇവരെ വനത്തില്‍ നിന്ന് കൂട്ടിക്കൊണ്ട് ലോവര്‍ ക്യാമ്പില്‍ വനം വകുപ്പ് ഓഫിസിലേക്ക് പോകുകയായിരുന്നു. ഇനി വനത്തില്‍ കയറില്ല എന്ന് രേഖാമൂലം എഴുതി നല്‍കിയിട്ട് പോകാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും സമരക്കാര്‍ അതിന് തയാറായിട്ടില്ല.