ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സീസൺ-13 ജില്ലാതല മത്സരം നടന്നു

ഏഷ്യയിലെ വലിയ അറിവുത്സവമായ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സീസൺ-13 ജില്ലാതല മത്സരമാണ് കട്ടപ്പന ഗവ. ട്രൈബൽ എച്ച്എസ്എസിൽ സംഘടിപ്പിച്ചത്.വിദ്യാർഥികളെ പങ്കെടുപ്പിച്ചുള്ള സയൻസ് പാർലമെന്റും ഇതോടൊപ്പം സംഘടിപ്പിച്ചു. ജില്ലയിലെ ഏഴ് ഉപജില്ലകളിൽ ഒന്നും രണ്ടും സ്ഥാനത്തെത്തിയ 56 പേർ എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി മത്സരിച്ചു.
ജില്ലാതല വിജയികൾക്ക് യഥാക്രമം 10,000, 5000 രൂപ ക്യാഷ് അവാർഡും മൊമെന്റോയും സർട്ടിഫിക്കറ്റും നൽകി. സംസ്ഥാനതല വിജയികൾക്ക് യഥാക്രമം ഒരുലക്ഷം, 50,000 രൂപ ക്യാഷ് അവാർഡും മൊമെന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. നവംബർ 23നാണ് സംസ്ഥാന മത്സരം. രണ്ടുകോടി രൂപയുടെ സമ്മാനങ്ങളാണ് സീസൺ 13ൽ വിജയികൾക്ക് നൽകുന്നത്.പൊതുസമ്മേളനം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോൺ ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ വി ആർ സജി, ഭാരവാഹികളായ സുഗതൻ കരുവാറ്റ, സി ആർ മുരളി, പ്രദീപ് മോഹൻ, കെ ആർ ഷാജിമോൻ, എൻ വി ഗിരിജാകുമാരി, എം പി ശിവപ്രസാദ്, എം ഡി വിപിൻദാസ്, ജോബി ജോർജ്, പ്രദീപ് കുമാർ, അരുൺകുമാർ ദാസ് തുടങ്ങിയവർ സംസാരിച്ചു. നെടുങ്കണ്ടം എംഇഎസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. പി സി നന്ദജൻ സയൻസ് പാർലമെന്റ് നയിച്ചു. ശാസ്ത്രവിഷയത്തിൽ താൽപര്യമുള്ള ജില്ലയിലെ എച്ച്എസ്, എച്ച്എസ്എസ് വിഭാഗം വിദ്യാർഥികളാണ് പങ്കെടുത്തത്.