എൻ എസ് എസ് ജനറൽ സെക്രട്ടറിയുടെ നിലപാടുകൾക്കെതിരെ സമരം കടുപ്പിക്കാനൊരുങ്ങി ഹൈറേഞ്ച് എൻ.എസ്.എസ് യൂണിയൻ ; യൂണിയൻ പ്രസിഡൻ്റ് ആർ.മണിക്കുട്ടൻ്റെ നിരാഹാര സമരം 7-ാം ദിനത്തിലേക്ക് കടന്നു
ഇരട്ടയാർ കൊച്ചു കാമാക്ഷി ശ്രീപത്മനാഭപുരം ധർമ്മപാഠശാലയിൽ യൂണിയൻ പ്രസിഡൻ്റ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം 7-ാം ദിനത്തിലേക്ക് കടന്നു. നന്നെ ക്ഷീണിതനെങ്കിലും പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ മരണം വരെ സമരം ചെയ്യും എന്ന തീരുമാനത്തിലുറച്ചാണ് ആർ മണിക്കുട്ടൻ സമരം തുടരുന്നത്.
യൂണിയൻ പ്രസിഡൻ്റിൻ്റെ ആരോഗ്യസ്ഥിതി കൂടുതൽ മോശമായതും പ്രശ്നപരിഹാരം ആവശ്യപ്പെട്ടും പ്രതിനിധി സംഘം എൻ എസ് എസ് ജനറൽ സെക്രട്ടറിയെ സമീപിച്ചെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് കൂടുതൽ പേർ സമര രംഗത്തിറങ്ങാനും സമരം വ്യാപിപ്പിക്കാനും യൂണിയൻ ഭാരവാഹികൾ ഒരുങ്ങുന്നത്.എൻ എസ് എസ് ആസ്ഥാനത്തേക്കും അഡ്ഹോക്ക് കമ്മറ്റി ഓഫീസിലേക്കും സമരം വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക യോഗം ചേർന്ന് തീരുമാനമെടുക്കുമെന്നും യൂണിയൻ സെക്രട്ടറി എ.ജെ. രവീന്ദ്രൻ അറിയിച്ചു.
യൂണിയൻ ഭരണസമിതിയുടെയും കാലാവധി അവസാനിച്ച കരയോഗങ്ങളുടെയും പ്രതിനിധി സഭാംഗത്തിന്റെയും തെരഞ്ഞെടുപ്പുകൾ സമയബന്ധിതമായി നടത്തുക,തെരഞ്ഞെടുപ്പ് നടത്തുവാൻ തയ്യാറല്ലെങ്കിൽ ഹൈറേഞ്ചിലെ സംഘടനാപ്രവർത്തനം രേഖാമൂലം ഏറ്റെടുത്ത് അതിൻ്റെ ബാദ്ധ്യതകൾ തീർക്കുവാനും നിർമ്മാണത്തിലിരിക്കുന്ന ശ്രീപത്മനാഭപുരം ധർമ്മപാഠശാല സമയബന്ധിതമായി പൂർത്തീകരിക്കുവാനും നേത്യത്വം തയ്യാറാകണം,അല്ലെങ്കിൽ ശ്രീപത്മനാഭപുരം ധർമ്മപാഠശാല അതിന് പണം മുടക്കിയവർക്ക് നിരുപാധികം വിട്ടുനൽകണം, എന്നി ആവശ്യമുന്നയിച്ചാണ് നിരഹാര സമരം നടത്തുന്നത്.
സെപ്തംബാർ 16 ന് ഉത്രാടം ദിനത്തിൽ രാവിലെ 10 മുതലാണ് സമരം ആരംഭിച്ചത്.സമരപന്തലിനുസമീപം ചിതയൊരുക്കിയാണ് നിരാഹാര സമരം പുരോഗമിക്കുന്നത്. അറസ്റ്റു നടപടികൾ ഉണ്ടായാലും മുന്നോട്ടു വയ്ക്കുന്ന ആവശ്യത്തിന് പരിഹാരമുണ്ടാകാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ആർ മണിക്കുട്ടൻ നിരാഹാര സമരം തുടരുന്നത്.