ഇടുക്കി മൂന്നാർ എക്കോ പോയിന്റിൽ വിനോദ സഞ്ചാരികളെ മർദ്ദിച്ചതായി പരാതി

കൊല്ലത്തുനിന്ന് 17 പേർ അടങ്ങുന്ന സംഘം ഇന്ന് പുലർച്ചയാണ് മൂന്നാറിൽ എത്തുന്നത്. പലസ്ഥലങ്ങൾ ചുറ്റിക്കറങ്ങി കണ്ട ശേഷം എക്കോ പോയിന്റിൽ ബോട്ടിങ്ങിനായി ഉച്ചയോടെ എത്തി. എക്കോ പോയിന്റിൽ പ്രവേശിക്കുന്നതിന് പത്തു രൂപ പാസ് എടുക്കണം എന്ന് ഹൈഡൽ ജീവനക്കാർ ആവശ്യപ്പെട്ടു.പിന്നിട് പ്രവേശന ഫീസുമായുള്ള തർക്കം അടിപിടിയിൽ കലാശിച്ചു.
ഹൈഡൽ ടൂറിസം ജീവനക്കാർക്ക് ഒപ്പം സമീപത്തുണ്ടായിരുന്ന ഫോട്ടോഗ്രാഫർമാരും സ്ത്രീകൾക്ക് നേരെ അസഭ്യവർഷവുമായി എത്തി മർദ്ധിക്കുകയായിരുന്നുവെന്നും സഞ്ചാരികൾ പറഞ്ഞു.സംഘത്തിൽ ഉണ്ടായിരുന്ന നജീമ എന്ന വയോധികയെ സ്റ്റെപ്പിൽ നിന്നും തള്ളിയിട്ട് പുറത്ത് ചവിട്ടി പരിക്കേൽപ്പിച്ചവെന്നും. തുടർന്ന് കുട്ടികളെയും സ്ത്രീകളെയും ഉൾപ്പെടെ സംഘത്തിൽ ഉണ്ടായിരുന്ന എല്ലാവരെയും മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി.
നജിമയുടെ നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ട് , അജ്മി, ഡോ അഫ്സൽ, അൻസാഫ് , അൻസാഫിന്റെ ഭാര്യ ഷെഹന, അൻസിൽ എന്നിവർ മൂന്നാർ ടാറ്റാറ്റി ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയാണ്. അതേസമയം പ്രവേശന ടിക്കറ്റുമായി ബന്ധപ്പെട്ട് യാതൊരു പ്രകോപനവും ഇല്ലാതെ മർദ്ദിക്കുകയായിരുന്നു എന്നാണ് ജീവനക്കാർ പറയുന്നത്.
സഞ്ചാരികളിൽ ഒരാൾ ഹൈഡ്രൽ ജീവനക്കാരനെ പിന്നിൽ നിന്ന് ചവിട്ടി നിലത്ത് വീണതിൽ ജീവനക്കാരായ ബാലുവിന്റെ തലയ്ക്കും പരിക്കുണ്ട്.മർദ്ധനത്തിൽ പരിക്ക് പറ്റിയ ഹൈഡൽ ജീവനക്കാരും ചികിത്സ തേടിയിട്ടുണ്ട്.ഇരു കൂട്ടരുടെയും മൊഴിയെടുത്ത മൂന്നാർ പോലീസ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു.