പീരുമേടിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, കൊലപാതകമെന്ന് സൂചന; ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്യുന്നു. പ്ലാക്കത്തടം പുത്തൻവീട്ടിൽ അഖിൽ ബാബുവാണ് മരിച്ചത്

ചൊവ്വാഴ്ച രാത്രിയിലാണ് അഖിലിനെ ദുരൂഹ സാഹചര്യത്തിൽ പ്ലാക്കത്തടത്തെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ കമുകിൽ പ്ലാസ്റ്റിക് ഹോസ് ഉപയോഗിച്ച് കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടത്തിയത്. പീരുമേട് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കൊലപാതകം നടന്നതായി സൂചന ലഭിച്ചു. തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി ബന്ധുക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
ഇവരുടെ വീട്ടിൽ മദ്യപാനവുമായി ബന്ധപ്പെട്ട് നിരന്തരം അസ്വാരസ്യങ്ങൾ ഉള്ളതായി സമീപവാസികൾ പോലീസിൽ മൊഴി നൽകി. ഇന്നലെ മദ്യലഹരിയിൽ ഉണ്ടായ വഴക്കിനെ തുടർന്നാകാം മരണം സംഭവിച്ചത് എന്നാണ് പോലീസിൻ്റെ അനൗദ്യോഗിക നിഗമനം. ഇന്ന് പ്ലാക്കത്തടത്തെ വീട്ടിൽ ഡോഗ് സ്ക്വാഡ്, വിരൽ അടയാള വിദഗ്ധർ എന്നിവർ എത്തി പരിശോധന നടത്തി. അഖിലിൻ്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.