ഇനി മത്സരിക്കാനില്ല, ഒരധികാരപദവിയും വേണ്ട'; അൻവറിനുപിന്നാലെ ഉദ്യോഗസ്ഥർക്കെതിരെ തുറന്നപോരിന് ജലീലും
ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപനവുമായി ഇടത് സ്വതന്ത്ര എംഎല്‍എ കെ.ടി.ജലീല്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അധികാര രാഷ്ട്രീയത്തില്‍നിന്ന് പിന്‍വാങ്ങുന്ന കാര്യം ജലീല്‍ അറിയിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ച് ആഭ്യന്തര വകുപ്പിനെ പ്രതിസന്ധിയിലാക്കിയ പി.വി. അന്‍വറിന്റെ പാതയിലേക്ക് കടക്കുമെന്ന സൂചനയാണ് ജലീല്‍ നൽകുന്നത്.
ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ജലീലിന്റെ പ്രഖ്യാപനം.ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല. ഒരധികാരപദവിയും വേണ്ട. അവസാന ശ്വാസംവരെ സി.പി.എം സഹയാത്രികനായി തുടരും. സി.പി.എം നല്‍കിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ല. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും. അതിനായി ഒരു പോര്‍ട്ടല്‍ തുടങ്ങും. വിശദവിവരങ്ങള്‍ ഒക്ടോബര്‍ രണ്ടിന് പുറത്തിറങ്ങുന്ന 'സ്വര്‍ഗസ്ഥനായ ഗാന്ധിജി'യുടെ അവസാന അദ്ധ്യായത്തില്‍', ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.