ഉപ്പുതറ മേമാരിക്കുടിയിൽ സ്മാർട്ട് അങ്കണവാടി പച്ചക്കൊടി; അംഗണവാടി നിർമ്മിക്കാൻ ജില്ലാപഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിച്ചു
വനത്തിലുള്ളിലെ ഉൾഗ്രാമമായ ഉപ്പുതറ മേമാരിക്കുടിയിൽ സ്മാർട്ട് അങ്കണവാടി നിർമ്മിക്കാൻ ജില്ലാപഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിച്ചു . അടുത്ത ആഴ്ച അംഗണവാടിയുടെ എസ്റ്റിമേറ്റ് എടുക്കും.മേമാരി കുടിയിലെ അങ്കണവാടിയുടെ ദുരിതം ഓപ്പൺ വിൻഡോയിലൂടെയാണ് പുറം ലോകം അറിഞ്ഞത്. ഇതേ തുടർന്നാണ് ജീല്ലാപഞ്ചായത്തിന്റെ നടപടി.
ഉപ്പുതറ പഞ്ചായത്തിലെ പ്രധാനആദിവാസി കോളനിയാണ് കണ്ണം പടി '. ഇതിൽ വനത്തിലെ ഉൾഗ്രാമമാണ് കണ്ണം പടി മേമാരിക്കുടി'. പുറം ലോകവുമായി ബന്ധപ്പെടാൻ യാത്ര സൗകര്യം പോലും ഇവിടെയില്ല. 136 കുടുമ്പങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച ദുർബലമായ അങ്കണവാടിയാണ് മേമാരിയിലുണ്ടായിരുന്നുത്.
തകർച്ചയിലായ അങ്കണവാടിയിലേക്ക് കുട്ടികളെ അയക്കാൻ രക്ഷിതാക്കൾ മടി കാണിച്ചതോടെ അങ്കണവാടി പണി തീരാത്ത കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റുകയായിരുന്നു. കുട്ടികൾക്ക് വളരെ ദുരിതമാണ് ഇവിടെയും ഉണ്ടായിരുന്നത്. അങ്കണവാടിയുടെ ദുരവസ്ഥ ഓപ്പൺ വിൻഡോ കഴിഞ്ഞ ദിവസം പുറം ലോകത്തെത്തിച്ചിരുന്നു . വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആശ ആൻ്റണി സ്ഥലം സന്ദർശിക്കുകയും അങ്കണവാടിക്ക് ഫണ്ട് അനുവദിച്ച് ഡി പി സിയുടെ അംഗീകാരത്തിന് സമർപ്പിച്ചു.
ഡി പി സിയുടെ അംഗീകാരം ലഭിച്ച് കഴിഞ്ഞാലുടൻ അങ്കണവാടിയുടെ നിർമ്മാണ നടപടികൾ ആരംഭിക്കും. 6 മാസത്തിനകം നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത് . തികയാതെ വരുന്ന പണം പിന്നീട് അനുവദിക്കുമെന്ന് ആശ ആൻ്റണി പറഞ്ഞു. ഇതോടെ ഒരു ബലവത്തായ അങ്കണവാടി ആഗ്രഹിച്ച മേമാരിക്കാർക്ക് സ്മാർട്ട് അങ്കണവാടി തന്നെ ലഭിച്ചിരിക്കുകയാണ് .