ചിന്നക്കനാലിൽ മുറിവാലനും ചക്കക്കൊമ്പനും ഏറ്റുമുട്ടി; പരുക്കേറ്റ മുറിവാലന് ചികിത്സയുമായി വനം വകുപ്പ്

പരുക്കേറ്റ് അവശനിലയിലായ മുറിവാലൻ കൊമ്പൻ എന്ന ഒറ്റയാന് വനം വകുപ്പിന്റെ നേതൃത്വത്തിൽ ചികിത്സ നൽകാൻ തുടങ്ങി. പിൻഭാഗത്ത് ആഴത്തിൽ മുറിവേറ്റ മുറിവാലൻ കൊമ്പനെ വനംവകുപ്പ് നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നലെ ഇടുക്കി ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള കാട്ടിൽ അവശനിലയിൽ കണ്ടെത്തിയ ആനയെ വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ. അനുരാജിന്റെ നേതൃത്വത്തിൽ പരിശോധിച്ചു.
കിടപ്പിലായ ഒറ്റയാൻ വെള്ളം കുടിക്കുന്നുണ്ട്. ചക്കക്കൊമ്പനുമായുണ്ടായ ഏറ്റുമുട്ടലിലാണ് മുറിവാലൻ കൊമ്പന് പരുക്കേറ്റത്. ഒരാഴ്ച മുമ്പ് ഉണ്ടായ ഏറ്റുമുട്ടലിൽ മുറിവാലൻ കൊമ്പന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. കൊമ്പുകൊണ്ട് മുറിവേറ്റ ഭാഗം പഴുത്തതാണ് പരുക്ക് ഗുരുതരമാകാൻ കാരണമെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം.