മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ കാട്ടാന ശല്യം അതിരൂക്ഷം.രാത്രികാലങ്ങളില്‍ കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ മാത്രമല്ല കാന്തല്ലൂര്‍ ടൗണിലടക്കം ഇറങ്ങുന്നത് പ്രദേശവാസികളെ വലക്കുന്നു. വനംവകുപ്പ് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം

മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ കാട്ടാനകള്‍ ജനവാസമേഖലയില്‍ ഇറങ്ങി സ്വൈര്യവിഹാരം നടത്താന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.ദിവസവും കാട്ടാന ശല്യം വര്‍ദ്ധിച്ചു വരുന്ന സ്ഥിതിയാണുള്ളത്. രാത്രികാലങ്ങളില്‍ കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ മാത്രമല്ല കാന്തല്ലൂര്‍ ടൗണിലടക്കം ഇറങ്ങുന്നത് പ്രദേശവാസികളെ വലക്കുന്നു. അഞ്ചിലധികം കാട്ടാനകളാണ് കഴിഞ്ഞ ദിവസം കാന്തല്ലൂര്‍ ടൗണിലിറങ്ങിയത്.
മറയൂരില്‍ നിന്നും കിലോമീറ്ററുകള്‍ താണ്ടി കീഴാന്തൂര്‍ ഭാഗത്തെത്തിയ കാട്ടുകൊമ്പന്‍ പ്രദേശത്ത് റിസോര്‍ട്ടിന്റെ ഭാഗമായി ഉണ്ടായിരുന്ന ഷെഡ് തകര്‍ത്തു.ഓണത്തിന് വിളവ് എടുക്കാവുന്ന തരത്തില്‍ കൃഷിയിറക്കിയിരുന്ന ശീതകാല പച്ചക്കറി കൃഷികളും ആന നശിപ്പിച്ചു.ഇത്തരത്തില്‍ വലിയ നഷ്ടമാണ് ജനവാസ മേഖലയില്‍ ഇറങ്ങി കാട്ടാനകള്‍ വരുത്തുന്നത്.
കാട്ടാന ശല്യം നിലനില്‍ക്കുന്നതിനാല്‍ വീണ്ടും കൃഷിയിറക്കാന്‍ കഴിയാത്ത സാഹചര്യവും നിലനില്‍ക്കുന്നു.കാട്ടാന ശല്യം തുടര്‍ന്നാല്‍ കൃഷിയിറക്കാനാവില്ലെന്ന് കര്‍ഷകര്‍ പറയുന്നു.കൃഷിനാശത്തിനപ്പുറം കാട്ടാനകളെ ഭയന്നാണ് പ്രദേശവാസികളുടെ രാത്രിയാത്ര.കാട്ടാന ശല്യം ഇത്രത്തോളം വര്‍ധിച്ചിട്ടും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടും വനംവകുപ്പ് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.