ഗ്രീൻസ് മൂന്നാറിൻ്റെ നേതൃത്വത്തിൽ നടന്ന രണ്ടാമത് റെയ്ൻ 40 ഫുട്ബോൾ പെനാൽട്ടി ഷൂട്ടൗട്ട് മത്സരത്തിൽ മൂന്നാർ ഗവ എൻജിനീയറിങ് കോളേജ് രണ്ടാം തവണയും ചാമ്പ്യന്മാരായി

ഫൈനലിൽ സെൽട്ട എഫ്സി പള്ളുരുത്തിയെ 3 - 5 ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഗവ. എൻജിനീയറിങ് കോളേജ് ടീം ചാംപ്യൻമാരായത്. കെഡിഎച്ച്പി കമ്പനിഗൂഡാർവിള ടീം മൂന്നാം സ്ഥാനത്തെത്തി.32 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ചാമ്പ്യന്മാരായ ഗവ കോളേജ് ടീമിന് കെഡിഎച്ച്പി കമ്പനി സ്പോൺസർ ചെയ്ത 25000 രൂപയുടെ ക്യാഷ് പ്രൈസും ഗ്രീൻസ് മൂന്നാറിൻ്റെ ട്രോഫിയുമാണ് സമ്മാനം.
രണ്ടാം സമ്മാനം നേടിയ പള്ളുരുത്തി ടീമിന് പെരിയാർ റെസിഡൻസി നൽകുന്ന 10000 രൂപയും ഗ്രീൻസ് മൂന്നാർ ട്രോഫിയുമായിരുന്നു സമ്മാനം.മൂന്നാം സ്ഥാനം നേടിയ ഗൂഡാർവിള ടീമിന് ലയൺസ് ക്ലബ് നൽകുന്ന 5000 രൂപയും ട്രോഫിയുമായിരുന്നു സമ്മാനം.രാവിലെ ആരംഭിച്ച മത്സരങ്ങൾ എ.രാജാ എംഎൽഎ കിക്കോഫ് ചെയ്ത് ഉത്ഘടനം നിർവഹിച്ചു.
സമാപന സമ്മേളനത്തിൽ ഡി വൈഎസ്പി അലക്സ് ബേബി സമ്മാനങ്ങൾ വിതരണം ചെയ്തു. കെഡിഎച്ച്പി കമ്പനി പ്രതിനിധി സി.അജയകുമാർ, ജില്ല പഞ്ചായത്തംഗം എം.ഭവ്യ, ഗ്രീൻസ് മൂന്നാർ പ്രസിഡൻ്റ് ബിജു മാത്യൂ, സെക്രട്ടറി സാജു ആലയ്ക്കാപ്പള്ളി, ട്രഷറർ ഷിബു ശങ്കരത്തിൽ, കൺവീനർ ലിജി ഐസക്, എസ്.സജീവ്, വിനോദ് വട്ടേക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
മികച്ച ഗോൾകീപ്പർക്കുള്ള മേരി തോമസ് അവാർഡ് പള്ളുരുത്തി ടീമിലെ അക്ഷയ് കൃഷ്ണയും വെസ്റ്റ് ഷൂട്ടർക്കുളള നൈസ് ഡെക്കറേഷൻ അവാർഡ് ഗവ എൻജിനീയറിങ് കോളേജിലെ ആർ.അനീഷും കരസ്ഥമാക്കി.മൺസൂൺ ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രീൻസ് മൂന്നാറിൻ്റെ നേതൃത്യത്തിൽ റെയ്ൻ 40 എന്ന പേരിൽ ഫുട്ബോൾ പെനാൽട്ടി ഷൂട്ടൗട്ട് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.