തൊടുപുഴയിൽ വി.ഐ.പി ഡ്യൂട്ടി ചെയ്ത് കൊണ്ടിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയെ അടിച്ച് വീഴ്ത്തിയ സംഭവത്തില്‍ സിവില്‍ പോലീസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു

തൊടുപുഴയിൽ വി.ഐ.പി ഡ്യൂട്ടി ചെയ്ത് കൊണ്ടിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയെ അടിച്ച് വീഴ്ത്തിയ സംഭവത്തില്‍ സിവില്‍ പോലീസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. തൊടുപുഴ മുട്ടം പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ സിനാജിനെയാണ് ഇടുക്കി ജില്ലാ പോലീസ് മേധാവി ടി.കെ വിഷ്ണുപ്രദീപ് സസ്‌പെന്‍ഡ് ചെയ്തത്. തൊടുപുഴ ഡിവൈ.എസ്.പി നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ഞായറാഴ്ച രാവിലെ തൊടുപുഴ ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് സംഭവം. ഗോവ ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധര്‍ പിള്ള തൊടുപുഴയില്‍ എത്തിയതിന്റെ ഭാഗമായുള്ള സുരക്ഷാ ഡ്യൂട്ടിയിലായിരുന്നു തൊടുപുഴ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥ. ഈ സമയം അവിടേക്കെത്തിയ സിനാജ് അക്രമണം നടത്തുകയായിരുന്നു. അടിയേറ്റ് വീണ വനിതാ ഓഫീസറെ സ്ഥലത്തുണ്ടായിരുന്നവരാണ് രക്ഷപെടുത്തിയത്.
അപ്പോഴേക്കും സിനാജ് സ്ഥലത്ത് നിന്ന് പോകുകയും ചെയ്തു. ഒപ്പം ജോലി ചെയ്ത മറ്റ് സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ വനിതാ ഓഫീസറെ സ്റ്റേഷനിലെത്തിച്ചു. എന്നാല്‍ സംഭവത്തില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥ പരാതി നല്‍കാത്തതിനെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇതിനടുത്ത ദിവസങ്ങളില്‍ ഇരുവരും ഡ്യൂട്ടിയില്‍ ഹാജരാകുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വിവിധ രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി സംഭവം നടന്ന സ്ഥലത്തെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് മര്‍ദ്ദനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളടക്കം ശേഖരിച്ചും ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
യൂണീഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥക്ക് മര്‍ദ്ദനമേറ്റ് രണ്ട് ദിവസമായിട്ടും നടപടി ഉണ്ടാകാത്തതില്‍ സേനാംഗങ്ങള്‍ക്കിടയില്‍ വലിയ അമര്‍ഷം ഉയരുകയും ചെയ്തിരുന്നു. നിരവധിയാളുകള്‍ നോക്കി നില്‍ക്കേ സേനയുടെ അന്തസിന് കളങ്കം ഉണ്ടായ സംഭവത്തില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന. സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്യല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് വരെ കാരണമാകുന്ന കുറ്റകത്യമാണ് സിവില്‍ പോലീസ് ഓഫീസറുടെ ഭാഗത്ത് നിന്നുണ്ടായതെന്ന്് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.