കാഴ്ച വിരുന്നൊരുക്കി കല്യാണത്തണ്ടിൽ മേട്ടു കുറിഞ്ഞി പൂത്തതോടെ ഇവിടേക്ക് സഞ്ചാരികളുടെ തിരക്ക് വർദ്ധിക്കുന്നു

കല്യാണത്തണ്ടിൽ കാഴ്ചാ വിരുന്ന് ഒരുക്കിയാണ് മേട്ട് കുറിഞ്ഞി വിഭാഗത്തിൽ പെടുന്ന കുറിഞ്ഞി ചെടികൾ പൂവിട്ടിരിക്കുന്നത്. മേഖലയിലെ കുന്നിൻ ചെരുവുകൾക്ക് മനോഹാരിത പകർന്നു കൊണ്ടാണ് കുറഞ്ഞി ചെടികൾ ഇവിടെ പൂത്തുനിൽക്കുന്നത്. എട്ട് വർഷത്തിന് ശേഷമാണ് വീണ്ടും കല്യാണത്തണ്ട് മലനിരകളിൽ കുറിഞ്ഞി പൂത്തിരിക്കുന്നത്. ഇതോടെ കുറിഞ്ഞി കാണുവാനായി നിരവധി ആളുകളാണ് ഇവിടെക്ക് എത്തുന്നത്.
ഇവിടെയെത്തുന്നവർ റീൽസുകൾ ചിത്രീകരിക്കാനും ഫോട്ടോയെടുക്കാനും ചെടികൾ പറിച്ചു നശിപ്പിക്കുന്നു എന്ന വ്യാപക പരാതിയാണ് ഉയരുന്നത്.അതോടൊപ്പം പല ചെടികളും ചവിട്ടി മെതിച്ച സ്ഥിതിയിലുമാണ്. നീലക്കുറിഞ്ഞിയുടെ മറ്റൊരു വിഭാഗമായ മേട്ടുകുറിഞ്ഞിക്ക് അതിന്റേതായ പരിഗണനയും സുരക്ഷയും ലഭിക്കുന്നില്ല എന്നതും പരാതിക്ക് ഇടയാക്കുന്നു. അതോടൊപ്പം വാഴവര കേന്ദ്രമായി പ്രവർത്തിക്കുന്ന ചില റിസോർട്ടുകൾ അനധികൃതമായി പണപ്പിരിവ് നടത്തി കുറിഞ്ഞി ചെടികൾ കാണൻ അവസരം സൃഷ്ടിക്കുന്നു എന്നും പരാതിയുണ്ട്.
കല്യാണത്തണ്ട് മലനിരകളുടെ ഭാഗമായ കൂടുതൽ പ്രദേശങ്ങളിലേക്ക് കുറിഞ്ഞി ചെടികൾ വ്യാപിച്ചിരിക്കുകയാണ്. ഇത് റിസോർട്ടുകളുടെ സ്ഥലങ്ങളിലേക്കും നീളുന്നു. നിലവിൽ വാർത്ത മാധ്യമങ്ങളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും കല്യാണ തണ്ടിൽ കുറഞ്ഞി പൂത്തുനിൽക്കുന്ന കാഴ്ച വൈറലായി കഴിഞ്ഞിരുന്നു. ഇത് മുതലാക്കി സഞ്ചാരികളെ തെറ്റിദ്ധാരണപ്പെടുത്തി റിസോർട്ടുകളുടെ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനായിട്ടാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
ഒരാൾക്ക് 50 രൂപയാണ് ഫീസ് ഈടാക്കുന്നതും. നഗരസഭയുടെ യാതൊരുവിധ അനുമിതിയും കൂടാതെ നിരവധിയായ ഫ്ലക്സ് ബോർഡുകളും സ്ഥാപിച്ചു. നിലവിൽ കല്യാണത്തണ്ട് മലനിരകളുടെ ഭാഗമായ വാഴവര നിർമല സിറ്റിക്ക് സമീപമാണ് കുറിഞ്ഞിച്ചെടികൾ പൂത്തു നിൽക്കുന്നത്. കുറിഞ്ഞികളോടൊപ്പം ഇടുക്കി ജലാശയത്തിന്റെ കാഴ്ച കൂടി ചേരുന്നതോടെയാണ് മേഖലയ്ക്ക് കൂടുതൽ ആകർഷണം ഉണ്ടാകുന്നത്.
നിലവിൽ പൂത്തിരിക്കുന്ന കുറിഞ്ഞിച്ചെടികൾ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാക്കുന്നതിനൊപ്പം അനികൃതമായി ഫീസയിടാക്കുന്ന റിസോർട്ടുകളുടെ പ്രവണതയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നുവരുന്നു.