വയനാട്ടിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് മുലയൂട്ടാനും സഹായങ്ങൾ നൽകാനും ഉപ്പുതറയിൽ നിന്ന് ഒരു കുടുംബം

വയനാട്ടിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് മുലയൂട്ടാനും സഹായങ്ങൾ നൽകാനും ഇടുക്കിയിൽ നിന്ന് ഒരു കുടുംബം.ഉപ്പുതറ പാറേക്കര സജിനും ഭാര്യ ഭാവനയുമാണ് വയനാട്ടിലെ ദുരന്തബാധിത പ്രദേശത്തേക്ക് യാത്ര തിരിച്ചത്.വയനാട്ടിൽ ഉരുൾ പൊട്ടലിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട പിഞ്ച്കുഞ്ഞുങ്ങളുടെ ദുരിതം മാധ്യമങ്ങൾ വഴിയാണ് സജിൻ്റെ ഭാര്യ ഭാവനയറിഞ്ഞത്. ഇതോടെ ഈ മാതൃഹൃദയം ഉണർന്നു.
ആ കുട്ടികൾ നേരിടുന്ന വിഷമം ഭർത്താവ് സജിനുമായി പങ്ക് വെച്ചു. നിരലംബരായ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാനുള്ള ഭാവനയുടെ തീരുമാനത്തിന് പൂർണ്ണ പിന്തുണയും നൽകി.തീരുമാനം നവമാധ്യമങ്ങളിൽ ഷെയർ ചെയ്തു. ഇതോടെ നിരവധി ഫോൺ കോളുകൾ ഈ ദമ്പതികളേ തേടി എത്തി. പിന്നെ ഒട്ടും സമയം കളയാതെ ഇവർ വയനാട്ടിലേക്ക് യാത്ര തിരിക്കുകയായിരുന്നു.
അമ്മമാർ നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെ വിശപ്പകറ്റാനെങ്കിലും കഴിയുമെന്നത് പുണ്യമായി കരുതുകയാണ് ഭാവന. 4 വയസും - 4 മാസവും പ്രായമുള്ള രണ്ട് മക്കളേയും ഒപ്പം കൂട്ടിയാണ് ഇവർ വയനാടിന് യാത്ര തിരിച്ചിരിക്കുന്നത്.പിക് അപ് ഓടിച്ച് കിട്ടുന്ന വരുമാനത്തിലാണ് ഈ കുടുംബം കഴിയുന്നത്. ഈ വാഹനത്തിലാണ് വയനാട്ടിലേക്ക് യാത്ര തിരിച്ചതും. ഉറവവറ്റാത്ത ഈ നന്മയാണ് ഏത് പ്രതിസന്ധിയിലും കേരളത്തെ ചേർത്ത് പിടിക്കുന്നത്.