ഇല്ലാതായത് അഞ്ഞൂറിലധികം വീടുകള്‍, ലയങ്ങള്‍; കാണാതായവര്‍ക്ക് കണക്കില്ല, മരണഭൂമിയായി മുണ്ടക്കൈ
വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതം. അഞ്ഞൂറിലധികം വീടുകളിലും ലയങ്ങളിലുമായി ആയിരക്കണക്കിനാളുകളുള്ള പ്രദേശങ്ങളാണ് മണ്ണിനടിയിലായതെന്ന് മുണ്ടക്കൈ വാര്‍ഡംഗം കെ.ബാബു. എത്രപേരെ രക്ഷപ്പെടുത്തി, എത്ര മൃതദേഹങ്ങള്‍ കിട്ടി എന്ന് പോലും കൃത്യമായൊരു കണക്ക് പറയാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലെന്നും അദ്ദേഹം പറഞ്ഞു.
രക്ഷപ്പെട്ടവരേക്കാള്‍ എത്രയോ മടങ്ങ് ജീവനുകളെ ഇനിയും കണ്ടെത്താനുണ്ടെന്നും ബാബു പറഞ്ഞു. മേപ്പാടി ഗ്രാമപ്പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത കണക്കനുസരിച്ച് 540 വീടുകളാണ് മുണ്ടക്കൈയില്‍ മാത്രമുണ്ടായിരുന്നത്. അതില്‍ ഇരുപത്തഞ്ചോളം വീടുകള്‍ മാത്രമാണിനി ബാക്കി. ആറോളം ലയങ്ങള്‍ പൂര്‍ണമായി ഇല്ലാതായി.
അത്രത്തോളം തന്നെ തകര്‍ന്നു കിടക്കുന്നുമുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളും ഇന്നാട്ടുകാരുമെല്ലാം ഉള്‍പ്പടെ അതിനകത്തെല്ലാം മനുഷ്യരുണ്ട്. ഒറ്റപ്പെട്ടുകിടക്കുന്നവര്‍ക്കായി രാത്രിവൈകുവോളം രക്ഷാപ്രവര്‍ത്തനം നടത്തി. വെളിച്ചമോ മറ്റ് സാമഗ്രികളോ ഇല്ലാത്തതിനാല്‍ നിര്‍ത്തിയ തിരച്ചില്‍ രാവിലെയാണ് വീണ്ടുമാരംഭിച്ചത്.