അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ആലടി - മേരികുളം ബൈപ്പാസ് റോഡ് തകർന്ന് ഗതാഗതം ദുഷ്കരമായി
അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ആലടി - മേരികുളം ബൈപ്പാസ് റോഡ് തകർന്ന് ഗതാഗതം ദുഷ്കരമായി . റോഡിൽ 3 ഇടങ്ങളിലായി വലിയ കുഴികൾ രൂപപ്പെട്ടു. മലയോര ഹൈവെ നിർമ്മാണവുമായി ബന്ധപ്പെട്ട് വാഹനങ്ങൾ തിരിച്ച് വിട്ടതോടെയാണ് റോഡ് പൂർണ്ണമായും തകർന്നത്. മഴ ആരംഭിച്ചതോടെ കുഴിയിൽ വെള്ളം നിറഞ്ഞ് സമീപത്തെ വീടുകളിൽ പോലും ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
മലയോര ഹൈവേ നിർമ്മാണം ആരംഭിച്ചതോടെയാണ് ആലടി ബൈപ്പാസ് റോഡിൻ്റെ പ്രാധാന്യം വർദ്ധിച്ചത്. റോഡിലെ വലിയ കുഴികളിൽ വെള്ളം നിറഞ്ഞ് കിടക്കുന്നതിനാൽ ആഴം തിരിച്ചറിയാതെ അപകടം സംഭവിക്കുന്നത് പതിവാണ്. മലയോര ഹൈവേയ്ക്ക് വേണ്ടി വണ്ടികൾ തിരിച്ച് വിട്ടപ്പോൾ റോഡിൻ്റെ ഗുണ നിലവാരം പരിശോധിച്ചില്ല.
കുഴികൾ അടക്കാതെ വാഹനം കടത്തിവിട്ടതോടെ റോഡ് പൂർണ്ണ തകർച്ചയിലുമെത്തി. വാഹനം പോകുമ്പോൾ സമീപ വീടിനുള്ളിൽ വരെ വെള്ളം തെറിക്കുന്നതിനാൽ വീട്ടിലും ഇരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.പഞ്ചായത്ത് കഴിഞ്ഞ വർഷം റോഡ് പണിക്കായി 19 ലക്ഷം രൂപ നീക്കി വയ്ക്കുകയും കരാർ നൽകുകയും ചെയ്തു. ഈ വർഷം 30 ലക്ഷം കൂടി പദ്ധതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്നാൽ റോഡ് പണിയാൻ കരാറുകാരൻ കൂട്ടാക്കുന്നില്ല. ഫലത്തിൽ പ്രദേശത്തെ ജനങ്ങൾക്കും യാത്രക്കാർക്കും ദുരിതം മാത്രം ബാക്കിയാകുന്നു.