ഭക്ഷണപദാർത്ഥങ്ങളുടെ വിലവർധന അടിയന്തരമായി നിർത്തിവയ്ക്കുന്നത് സംബന്ധിച്ച് അടിമാലി ഗ്രാമപഞ്ചായത്ത് പരിധിയിലെ ഹോട്ടൽ റസ്റ്റോറന്റ് ഉടമകൾക്ക് പഞ്ചായത്ത് സെക്രട്ടറി നൽകിയ നോട്ടീസിനെതിരെ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ രംഗത്ത്

ജൂലൈ 22 ആം തീയതിയാണ് അടിമാലി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള എല്ലാ ഹോട്ടൽ റസ്റ്റോറന്റ് ഉടമകൾക്കും ഭക്ഷണ വസ്തുക്കളുടെ അന്യായമായ വിലവർധന അടിയന്തരമായി നിർത്തിവയ്ക്കുന്നത് സംബന്ധിച്ച് അടിമാലി ഗ്രാമപഞ്ചായത്ത് ജനറൽ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയത്.
അടിമാലി ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ ഭക്ഷണപദാർത്ഥങ്ങൾക്ക് പൊതുജനങ്ങൾക്ക് താങ്ങാനാകാത്ത രീതിയിൽ വില വർദ്ധിപ്പിച്ചതായി പഞ്ചായത്തിന്റെ ശ്രദ്ധയിൽ പെട്ടതായും വിലവർധന നീതീകരിക്കാനാവാത്തതാകയാൽ വിലവർധന അടിയന്തരമായി നിർത്തിവയ്ക്കണമെന്നും അല്ലാത്തപക്ഷം യുക്തമായ തുടർനടപടികൾ സ്വീകരിക്കുമെന്നും കാണിച്ചാണ് പഞ്ചായത്ത് നോട്ടീസ് നൽകിയത്.
അതേസമയം പഞ്ചായത്ത് നൽകിയ നോട്ടീസിനെതിരെ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ രംഗത്തെത്തി.നിത്യോപയോഗ സാധനങ്ങൾക്ക് വില വർധിച്ചതായും ഈ സാധനങ്ങൾക്ക് വില കുറയാതെ ഭക്ഷണം പദാർത്ഥങ്ങളുടെ വിലകുറച്ചാൽ തീവ്രമായ നഷ്ടം ഉണ്ടാകുമെന്നും ജില്ലാ പ്രസിഡന്റ് എം എസ് അജി പറഞ്ഞു.
തക്കാളി, ക്യാരറ്റ്, ചിക്കൻ, മൈദ തുടങ്ങി പച്ചക്കറികൾക്കും മാർക്കറ്റിൽ പൊള്ളുന്ന വിലയാണ്. ഈ അവസരത്തിൽ ഹോട്ടൽ ഉടമകൾക്ക് പിടിച്ചുനിൽക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും നിരവധി കുടുംബങ്ങൾ ഉപജീവനം നടത്തുന്ന മേഖലയാണ് ഹോട്ടൽ മേഖലയെന്നും അസോസിയേഷൻ വ്യക്തമാക്കി. നിത്യോപയോഗ സാധനങ്ങളുടെ വില കുറയ്ക്കുന്നതിൽ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നും ഇവർ ആവശ്യപ്പെട്ടു.