ഇടുക്കി വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങൾക്കെതിരെ ഇടതുപക്ഷം ഉയർത്തുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് യുഡിഎഫ് മണ്ഡലം കമ്മിറ്റി

ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തിൽ നടക്കുന്ന പല പ്രവർത്തനങ്ങളിലും അഴിമതിയുണ്ടെന്നും ഇക്കാര്യം പ്രസിഡന്റുമായി ചർച്ച ചെയ്യുന്നതിനാണ് യുഡിഎഫ് അംഗങ്ങൾ പഞ്ചായത്തിൽ എത്തിയത് എന്നും ഇതിൽ പ്രകോപിതരായാണ് സിപിഎമ്മിന്റെ നേതൃത്വത്തിൽ ഒരുപറ്റം ആളുകൾ എത്തി പ്രശ്നം ഉണ്ടാക്കിയത് എന്നും യുഡിഎഫ് വാത്തിക്കുടി മണ്ഡലം കമ്മറ്റി ഭാരവാഹികൾ പറഞ്ഞു.
തോപ്രാംകുടി കേന്ദ്രീകരിച്ചുള്ള മാംസവ്യാപാരശാല ലേലം ചെയ്യാതെ നടത്തുന്നതുമായി ബന്ധപ്പെട്ടും പഞ്ചായത്തിലെ 18 വാർഡുകളിലും സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടുകളും അന്വേഷിക്കുന്നതിന് പകരം ഈ വിഷയങ്ങളെക്കുറിച്ച് ചോദ്യം ചെയ്ത യുഡിഎഫ് പഞ്ചായത്ത് അംഗങ്ങൾക്കെതിരെ കള്ളക്കേസ് കൊടുക്കുകയും ബലമായി പ്രസിഡണ്ടിനെ ക്യാബിനിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത സിപിഎമ്മിന്റെ നടപടികൾ അഴിമതികളെ മറച്ചുവെക്കുന്നതിനു വേണ്ടിയാണെന്നും യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു.
ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും, യുഡിഎഫ് ഭാരവാഹികൾ ചെറുതോണിയിൽ വിളിച്ച ചേർത്ത വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കോൺഗ്രസ് വാത്തിക്കുടി മണ്ഡലം പ്രസിഡണ്ട് സാജു കാരക്കുന്നേൽ, മറ്റ് യുഡിഎഫ് നേതാക്കളും പഞ്ചായത്ത് അംഗങ്ങളുമായ ജോസ്മി ജോർജ്, ബിബിൻ എബ്രഹാം, പ്രദീപ് ജോർജ്, വി.എ ഉലഹന്നാൻ, ബിജു വടക്കേക്കര, ഡിക്ലർക്ക് സെബാസ്റ്റ്യൻ, അനിൽ ബാലകൃഷ്ണൻ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.