ഇടുക്കി വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിനെ പ്രതിപക്ഷ അംഗങ്ങൾ ചേർന്ന് ഓഫീസിൽ ഉപരോധിച്ചു

പഞ്ചായത്ത് പ്രസിഡന്റിന്റെ അറിവോടെ പഞ്ചായത്തിൽ നടക്കുന്ന അഴിമതികളെ ക്കുറിച്ച് ചോദ്യം ചെയ്താണ് യുഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് പ്രസിഡന്റിന്റെ ഓഫീസിലെത്തി പ്രതിഷേധിച്ചത്.വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ തോപ്രാംകുടി ടൗണിലെ മാംസവ്യാപാര ശാല ഇത്തവണ ലേലം ചെയ്തിട്ടില്ല.
2022- 23 വർഷത്തിൽ 30 ലക്ഷം രൂപ ലേലതുകയായി പഞ്ചായത്തിന് ലഭിച്ച സാഹചര്യത്തിലും ഇത്തവണ ലേലം ചെയ്യാതെ നീട്ടിക്കൊണ്ട് പോകുകയാണ്. പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നിക്ഷിപ്ത താത്പര്യമാണ് ലേലം ചെയ്യാതെ മാസ വ്യാപാര ശാല പ്രവർത്തിക്കുവാൻ അവസരം ഒരുക്കിയത് എന്നാരോപിച്ച് പഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങൾ പ്രസിഡൻ്റിൻ്റെ ക്യാബിനിൽ എത്തി ഉപരോധിച്ചു.
കഴിഞ്ഞ സാമ്പത്തിക വർഷം പഞ്ചായത്തിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനായി തയ്യാറാക്കിയ പദ്ധതിയിലും വൻ അഴിമതി നടന്നത് ചൂണ്ടികാട്ടി വിജിലൻസിന് പരാതി നൽകിയതായും,ഇതിൽ അന്വേഷണം നടന്നു വരുന്നതായും, മുൻ വൈസ് പ്രസിഡൻ്റ് ഡിക്ലാർക്ക് സെബാസ്റ്റ്യൻ പറഞ്ഞു.
മീറ്റ് സ്റ്റാളിൻ്റെ പേരിൽ പണം വാങ്ങിയതായി സി പി എം നേതാക്കളുടെ ശബ്ദ രേഖ പുറത്തു വന്നിട്ടുണ്ട്. മുടന്തൻ ന്യായം പറഞ്ഞ് മീറ്റ് സ്റ്റാൾ ലേലം ചെയ്യാതെ അഴിമതിക്ക് നേതൃത്വം നൽകുന്ന പ്രസിഡൻ്റ് രാജിവയ്ക്കണമെന്ന് യു.ഡി.എഫ് അംഗങ്ങളായ ജോസ്മി ജോർജ്, ബിജു വടക്കേക്കര, അനിൽ ബാലകൃഷ്ണൻ , പ്രദീപ് ജോർജ്, ഡിക്ളാർക്ക് സെബാസ്റ്റ്യൻ എന്നിവർ ആവശ്യപ്പെട്ടു.