റോഡരുകിൽ അപകടകരമായി നിന്ന കാട് പടലങ്ങൾ വെട്ടിത്തെളിച്ച് മാതൃകയായി ഉപ്പുതറയിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ

ഉപ്പുതറ - ഏലപ്പാറ - കൊച്ചുകരുന്തിരുവി റോഡിൽ യാത്രക്കാർക്ക് അപകടകരമായി റോഡിൻ്റെ ഇരു വശങ്ങളിലും നിന്ന കാടുപടലങ്ങളാണ് ഉപ്പുതറ പാലം ജംഗ്ഷനിലെ ഓട്ടോ തൊഴിലാളികൾ വെട്ടി തെളിച്ചത്.റോഡിൽ സ്ഥാപിച്ചിരുന്ന റിഫ്ലക്ടർ പോലും മറച്ചാണ് കാട് പടലങ്ങൾ പടർന്ന് പന്തലിച്ച് നിന്നിരുന്നത്.
ഇത് മൂലം ഈ വഴിയിൽ എതിരേ വരുന്ന വാഹനങ്ങൾ കാണുവാനോ സൈഡ് കൊടുക്കുവാനോ സാധിച്ചിരുന്നില്ല. ചപ്പാത്ത് മുതൽ പുളിയന്മല വരെ മലയോര ഹൈവേയുടെ പണി നടക്കുന്നതിനാൽ കൂടുതൽ വാഹനങ്ങൾ ഈ വഴിയാണ് സഞ്ചരിക്കുന്നത്. കഴിഞ്ഞദിവസം തന്നെ മൂന്ന് അപകടങ്ങൾ ഈ റോഡിൽ ഉണ്ടായി.
കാട് പടലങ്ങൾ വളർന്നുനിൽക്കുന്നത് വെട്ടി മാറ്റേണ്ട അധികൃതർ ഇതിനെ അവഗണിക്കുമ്പോൾ, മാതൃകയായാണ് ഉപ്പുതറ പാലം ജംഗ്ഷനിലെ സിഐടിയു ഓട്ടോറിക്ഷ തൊഴിലാളികൾ കാടുപടലങ്ങൾ വെട്ടി മാറ്റിയത്. എസ്റ്റിമേറ്റ് എടുത്തപ്പോൾ ഉദ്യോഗസ്ഥന്റെ പിഴവ് മൂലം ഒന്നര കിലോമീറ്റർ അധികം ചെയ്യാതെ ഈ വഴിയുള്ള യാത്ര ഇപ്പോഴും ദുരിത പൂർണമാണ്.
ഇരുസൈഡുകളും കോൺക്രീറ്റ് ചെയ്യന്നുണ്ടങ്കിലും മഴയത്ത് ചെളിമണ്ണിൽ ആണ് കോൺക്രീറ്റ് ചെയ്യുന്നത് എന്ന വസ്തുതയും നിലനിൽക്കുകയാണ്. നിർമ്മിതി ഏറ്റെടുത്ത കരാറുകാരൻ സബ് കോൺട്രാക്റ്റ് നല്കിയാണ് ഇപ്പോൾ പണികൾ നടത്തുന്നത്.
പീരുമേട് എം.എൽ എയുടെ പ്രത്യേക താല്പര്യ പ്രകാരമാണ് സബ് കോൺട്രാക്ട് നല്കിയതെന്നും ഇതിൽ വൻ അഴിമതിയുണ്ട് എന്നും ആരോപണമുണ്ട്. ഓട്ടോറിക്ഷ തൊഴിലാളികളുടെ ഈ പരിശ്രമം കണ്ടിട്ടെങ്കിലും അധികാരികൾ കണ്ണു തുറക്കട്ടെ എന്നാണ് നാട്ടുകാർ പറയുന്നത്.