‘അരിക്കൊമ്പൻ ആരോഗ്യവാൻ; പുതിയ ആനക്കൂട്ടത്തിനൊപ്പം കളക്കാട് മുണ്ടൻതുറൈ വനത്തിൽ തുടരുന്നു’

ചിന്നക്കനാലിന്റെ അരുമയായിരുന്ന അരിക്കൊമ്പൻ ആരോഗ്യവാനായി തുടരുന്നുവെന്ന് തമിഴ്നാട് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്ററും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ശ്രീനിവാസ് റെഡ്ഡി പ്രതികരിച്ചു. തിരുനെൽവേലി ജില്ലയിലെ കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ തുടരുന്ന അരിക്കൊമ്പനു മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം അറിയിച്ചു.
അരിക്കൊമ്പന്റെ ആരോഗ്യത്തെ സംബന്ധിച്ചു വ്യാജ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിനിടെയാണു തമിഴ്നാട് വനം വകുപ്പ് മേധാവി തന്നെ വിഷയത്തിൽ പ്രതികരണവുമായി എത്തിയത്.‘‘പുതിയ സാഹചര്യവുമായി അവൻ പൊരുത്തപ്പെട്ടു കഴിഞ്ഞു. സിഗ്നലുകൾ കൃത്യമായി റേഡിയോ കോളറിൽനിന്നു ലഭിക്കുന്നുണ്ട്. വനം വകുപ്പിന്റെ സംഘം അവനെ കൃത്യമായി നിരീക്ഷിക്കുകയാണ്.
ഒരു തരത്തിലുമുള്ള ആശങ്കകളും അരിക്കൊമ്പന്റെ വിഷയത്തിൽ വേണ്ട. അവൻ തമിഴ്നാട് വനം വകുപ്പിന്റെ കൈകളിൽ സുരക്ഷിതനാണ്’’ – ശ്രീനിവാസ് റെഡ്ഡി അറിയിച്ചു.അരിക്കൊമ്പനെ സംബന്ധിച്ചു മറ്റൊരു ആശങ്കയായിരുന്നു പുതിയ ആനക്കൂട്ടത്തിനൊപ്പം ഇണങ്ങുന്നില്ല എന്നത്. എന്നാൽ അതിലും ഇപ്പോൾ മാറ്റം വന്നതായാണു വനം വകുപ്പ് മേധാവി പറയുന്നത്. ‘‘പുതിയ ആനക്കൂട്ടത്തിനൊപ്പം അവൻ ഇണങ്ങിക്കഴിഞ്ഞു.
അപ്പർ കോതയാർ ഡാം പരിസരത്തും റിസർവ് വനത്തിലുമായി അരിക്കൊമ്പൻ തുടരുകയാണ്. പുതിയ സ്ഥലം അവന് ഇപ്പോൾ ഏറെ പരിചിതമായി കഴിഞ്ഞു.’’– ശ്രീനിവാസ് റെഡ്ഡി പറയുന്നു. സുരക്ഷാ പ്രശ്നങ്ങൾ കാരണമാണു കൊമ്പന്റെ ചിത്രങ്ങൾ പുറത്തുവിടാത്തതെന്നും അദ്ദേഹം അറിയിച്ചു. ഒടുവിൽ അരിക്കൊമ്പന്റെ വിവരങ്ങൾ തമിഴ്നാട് വനംവകുപ്പ് പുറത്തുവിട്ടത്.
കൊമ്പന്റെ റൂട്ട് മാപ്പും റേഡിയോ കോളറിൽനിന്നുള്ള സിഗ്നൽ വിവരങ്ങളുമാണ് അതിൽ ഉണ്ടായിരുന്നത്. കമ്പം ടൗണിൽ ഇറങ്ങി പരിഭ്രാന്തി പരത്തിയ കൊമ്പനെ കഴിഞ്ഞ വർഷം ജൂൺ 5നാണ് തെക്കൻ തമിഴ്നാട്ടിലെ തിരുനെൽവേലിക്കു സമീപം കളക്കാട് മുണ്ടൻതുറൈ ടൈഗർ റിസർവിൽ തുറന്നു വിട്ടത്.