സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും മൂന്നാർ ഇക്കാ നഗറിൽ അനധികൃത നിർമ്മാണം നടത്തി വന്നിരുന്ന മൂന്നു നില കെട്ടിടം സർക്കാർ ഏറ്റെടുത്തു
സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും മൂന്നാർ ഇക്കാ നഗറിൽ അനധികൃത നിർമ്മാണം നടത്തി വന്നിരുന്ന മൂന്നു നില കെട്ടിടം സർക്കാർ ഏറ്റെടുത്തു. മൂന്നാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് കെട്ടിടം ഏറ്റെടുത്ത് നടപടികൾ പൂർത്തിയാക്കിയത്. കെട്ടിട നിർമ്മാണം നടത്തിയവർക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാൻ ഒരു മാസത്തെ സാവകാശം നൽകി.
മൂന്നാർ ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡായ ഇക്കാ നഗറിൽ നിർമ്മാണത്തിലിരുന്ന മൂന്നു നില കെട്ടിടമാണ് മൂന്നാർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.എൻ. സഹജൻ്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുത്തത്.
ആവശ്യമായ രേഖകളോ അനുമതിയോ ഇല്ലാതെയും റവന്യൂ വകുപ്പിൻ്റെ നിരാക്ഷേപ പത്രം കൂടാതെയും അനധികൃത നിർമ്മാണം നടത്തിയതിനാണ് കെട്ടിടം ഏറ്റെടുത്ത്.
അനധികൃത നിർമ്മാണം ശ്രദ്ധയിൽ പെട്ടതോടെ രണ്ടു തവണ കെട്ടിടത്തിൻ്റെ നിർമ്മാണം നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇതു വകവയ്ക്കാതെ രാത്രിയുടെ മറവിലും അവധി ദിവസങ്ങളുടെ മറവിലും ഇവിടെ നിർമ്മാണം തുടർന്നു വരികയായിരുന്നു. അറുമുഖം എന്ന വ്യക്തി തൻ്റെ സ്ഥലമാണെന്ന അവകാശ വാദം ഉന്നയിച്ചെങ്കിലും അത് തെളിയിക്കാനാവശ്യമായ രേഖകൾ ഹാജരാക്കിയിരുന്നില്ല. കെട്ടിടം നിലനിൽക്കുന്ന സ്ഥലത്തിൻ്റെ ഉടമസ്ഥാവകാശം തെളിയിക്കാൻ ബന്ധപ്പെട്ടവർക്ക് ഒരു മാസത്തെ സാവകാശം നൽകിയിട്ടുണ്ട്. ഈ സമയത്തിനുള്ളിൽ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ കെട്ടിടം പൊളിച്ചു നീക്കുന്ന നടപടികളിലേക്ക് നീങ്ങുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ഏറ്റെടുത്ത കെട്ടിടത്തിൽ പഞ്ചായത്ത് ബോർഡ് സ്ഥാപിച്ചു. അതേ സമയം ആവശ്യമായ രേഖകളും അനുമതിയും കൂടാതെ മൂന്നാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇതിനു സമീപം പണി പൂർത്തിയാക്കിയ കെട്ടിടത്തിന് എതിരെ നടപടി സ്വീകരിക്കാത്തത് വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.