വിദ്യാഭ്യാസ വായ്പ്പ നിഷേധം;ബാങ്കുകൾക്കെതിരെ പ്രതിഷേധവുമായ് യൂത്ത് കോൺഗ്രസ്

ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന ബാങ്കുകളുടെ നിലപാടിനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ലീഡ് ബാങ്കായ തൊടുപുഴ എസ്.ബി.ഐ യിലേയ്ക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.ബാങ്കുകൾ വിവിധ കാരണങ്ങൾ പറഞ്ഞുകൊണ്ട് വായ്പ നിഷേധിക്കുന്നതിനോടോപ്പം വിദ്യാഭ്യാസ വായ്പക്കായ് ബാങ്കിലെത്തുന്ന വിദ്യാർത്ഥികളെയും മാതാപിതാക്കളെയും അപമാനിക്കുന്ന സമീപനവും സ്വീകരിച്ചു പോരുകയാണ്.
മുൻകാലങ്ങളിൽ പരമാവധി വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിരുന്നെങ്കിലും നിലവിൽ വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്നതിൽ ബാങ്കുകൾ മത്സരിക്കുകയാണ്. ബാങ്കുകൾ വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്നത് തടയാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അടിയന്തിര ഇടപെടൽ ആവിശ്യമാണ്.തന്നിഷ്ടപ്രകാരം ഉണ്ടാക്കിയ ഉപാധികൾ ചൂണ്ടിക്കാട്ടി വായ്പ നിഷേധിക്കുന്നത് മൂലം പാതിവഴിയിൽ വിദ്യാർത്ഥികൾക്ക് പഠനം അവസാനിപ്പിക്കേണ്ട സാഹചര്യം നിലനിൽക്കുന്നു.
വിദ്യാഭ്യാസ വായ്പ നിഷേധിക്കുവാനുള്ള ബാങ്കുകളുടെ നീക്കം അവസാനിപ്പിക്കുക,നിബന്ധനകളിൽ ഇളവ് വരുത്തി പരമാവധി വിദ്യാർത്ഥികൾക്ക് വായ്പ്പ ലഭ്യമാക്കുക,വിദ്യാഭ്യാസ വായ്പ്പ നൽകുന്നതിന് എല്ലാ ബാങ്കുകൾക്കും ഒരേ നിയമം നടപ്പിലാക്കുക,ബാങ്കിൽ എത്തുന്ന വിദ്യാർത്ഥികളെയും മാതാപിതാക്കളെയും അപമാനിക്കുന്ന ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് യൂത്ത് ജില്ലാ കമ്മറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്.
ബാങ്കുകൾ വിദ്യാഭ്യാസ വായ്പ നൽകുവാൻ ഇനിയും വിമുഖത കാണിച്ചാൽ ലോൺ നിഷേധിക്കുന്ന മറ്റ് ബാങ്കുകളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ്സ് നേതാക്കൾ പറഞ്ഞു.ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യാ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ് അശോകൻ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ മാത്യു കെ ജോൺ,അരുൺ പൂച്ചക്കുഴി,സോയിമോൻ സണ്ണി,ജില്ലാ വൈസ് പ്രസിഡന്റ്ന്മാരായ ടോണി തോമസ് ,ബിബിൻ ഈട്ടിക്കൻ ,അൻഷൽ കുളമാവ്, ശാരി ബിനു ശങ്കർ,ജില്ലാ ഭാരവാഹികളായ ഷാനു ഷാഹുൽ ,ഫൈസൽ ടി.എസ്,മനോജ് രാജൻ,മുനീർ സി.എം, മകേഷ് മോഹൻ,മനു സി.എൽ, ബിബിൻ അഗസ്റ്റിൻ,വിഷ്ണു കോട്ടപ്പുറം, റെമീസ് കൂരാപ്പള്ളി അസംബ്ലി പ്രസിഡന്റ്ന്മാരായ ബിലാൽ സമത്, ആൽബിൻ മണ്ണഞ്ചേരിൽ , കെ.എസ്.യു ഭാരവാഹികളായ നിതിൻ ലൂക്കോസ്,ജിതിൻ തോമസ് ജോസ്കുട്ടി ജോസ്, കോൺഗ്രസ് നേതാക്കളായ സി. പി കൃഷ്‌ണൻ,എൻ. ഐ ബെന്നി,വി.ഇ താജുധിൻ,പി. ജെ പിറ്റർ,സാജൻ ചിമ്മിനിക്കാട്ട്, മനോജ് കൊക്കാട്ട് എന്നിവർ പ്രസംഗിച്ചു.