കുമളി മേഖലയിൽ പനി പടരുന്നതോടെ പ്രതിരോധ പ്രവർത്തനങ്ങളുമായി വിദ്യാർത്ഥികൾ രംഗത്ത്

മഴക്കാലം ആരംഭിച്ചതോടെ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ കുമളിയുടെ വിവിധ മേഖലകളിൽ പടർന്നു പിടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.റോസാപ്പൂകണ്ടം പോലെ മുൻകാലങ്ങളിൽ ഏറ്റവും അധികം ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ സാഹചര്യം നിയന്ത്രണവിധേയമാണ്.എങ്കിലും വലിയ കണ്ടം പോലുള്ള ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ഡെങ്കിപ്പനി പടർന്നു പിടിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
ഈ സാഹചര്യത്തിലാണ് ആരോഗ്യപ്രവർത്തകർക്കൊപ്പം കുമളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയർമാരായ വിദ്യാർഥികൾ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായത്.45 പേർ അടങ്ങുന്ന വിദ്യാർഥികൾ അഞ്ച് ഗ്രൂപ്പുകളായി തിരിഞ്ഞാണ് പ്രവർത്തനങ്ങൾ നടത്തിയത്.വിദ്യാർത്ഥികൾക്കൊപ്പം പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ.
ആശാ പ്രവർത്തകർ അധ്യാപകർ ഹരിത കർമ്മ സേന അംഗങ്ങൾ, തുടങ്ങിയവരും പ്രവർത്തനങ്ങളിൽ പങ്കാളികളായി.ഓരോ പ്രദേശത്തെയും കൊതുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുകയും, ജനങ്ങൾക്ക് വേണ്ട ബോധവൽക്കരണം നൽകുകയും ചെയ്തു.പരിപാടിയുടെ ഉദ്ഘാടനം കുമളി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം സിദ്ദിഖ് നിർവഹിച്ചു.
ആരോഗ്യ ബോധവൽക്കരണ പരിപാടികളിൽ കുട്ടികളുടെ പങ്കാളിത്തം സ്വാഗതാർഹമാണെന്ന് കുമളി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പി മാടസ്വാമി പ്രതികരിച്ചു.കുമളി വി.എച്ച്.എസ്.ഇ NSS കോഡിനേറ്റർ ജയന്തി കുമാരി,അധ്യാപകരായ ദിലീപ് കുമാർ, ലക്ഷ്മി, JHI അമാനുള്ള ഖാൻ, MLSP സൗമ്യ,ആശാപ്രവർത്തകരായ രജനി, ദീപ ,ഹരിത കർമ്മ സേന അംഗം ഉഷ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.