അയ്യപ്പന്‍കോവില്‍ കെ. ചപ്പാത്തിലെ പെരിയാര്‍ കൈയേറ്റ സ്ഥലത്ത് വീണ്ടും നിര്‍മാണം
അയ്യപ്പന്‍കോവില്‍ കെ. ചപ്പാത്തിലെ പെരിയാര്‍ കൈയേറ്റ സ്ഥലത്ത് വീണ്ടും നിര്‍മാണം. പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിന്റെ മറവിലാണ് ഇന്നലെ മുതല്‍ കൈയേറ്റ നിര്‍മാണം നടക്കുന്ന രണ്ട് സ്ഥലത്തും വീണ്ടും നിര്‍മാണം ആരംഭിച്ചത്. റവന്യൂ- പഞ്ചായത്ത് വകുപ്പുകളുടെ ഒത്താശയോടെയാണ് കൈയേറ്റ സ്ഥലത്ത് വീണ്ടും നിര്‍മാണം നടന്നതെന്ന വിവരവും പുറത്ത് വരുന്നുണ്ട്.
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ വൃഷ്ടി പ്രദേശതമായ കെ. ചപ്പാത്തില്‍ മലയോര ഹൈവേ നിര്‍മാണത്തിന്റെ മറവില്‍ പെരിയാര്‍ കൈയേറി രണ്ട് ബഹു നില കെട്ടിടങ്ങള്‍ നിര്‍മിക്കുന്ന വിവരം മംഗളം പുറത്തു വിട്ടിരുന്നു. വില്ലേജില്‍ നിന്നും നല്‍കിയ സ്റ്റോപ്പ് മെമ്മോ അവഗണിച്ചാണ് രണ്ട് കെട്ടിടങ്ങളുടെ നിര്‍മാണം നടന്നത്.
സി.പി.എം. ഭരിക്കുന്ന പഞ്ചായത്തില്‍ പഞ്ചായത്ത് ഭരണ സമിതിയുടെ ഉറപ്പിന്‍മേലാണ് നിര്‍മാണം ആരംഭിച്ചതെന്നാണ് സൂചന. റവന്യൂ വകുപ്പിലെ ഉന്നതര്‍ ഇതിനായി ഒത്താശ ചെയ്തതായും ആരോപണമുണ്ട്. വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ജില്ലാ ഭരണകൂടം ഇടപെടുകയും വില്ലേജില്‍ നിന്നും പഞ്ചായത്തില്‍ നിന്നും നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഇരുകക്ഷികള്‍ക്കും നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
ഇതെ തുടര്‍ന്ന് നിര്‍മാണം നിര്‍ത്തിവച്ചെങ്കിലും കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത ശക്തമായ മഴയുടെ മറവില്‍ ഇന്നലെ വീണ്ടും ഇവിടങ്ങളില്‍ നിര്‍മാണം ആരംഭിക്കുകയായിരുന്നു. റവന്യൂ വകുപ്പിലെ തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ ഇവിടെ കൈയേറ്റങ്ങള്‍ക്ക് തണലാകുന്നുണ്ടെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ നിലവില്‍ കൈയേറ്റം നടക്കുന്ന രണ്ട് കെട്ടിടങ്ങളുടെയും അടിത്തട്ട് നിറഞ്ഞ് വെള്ളം ഒഴുകുകയാണ്. ഇതിനിടെയാണ് വീണ്ടും കെട്ടിടം കെട്ടിപ്പൊക്കാന്‍ ഇവിടെ നീക്കം നടക്കുന്നത്.
കെ. ചപ്പാത്ത്- പരപ്പ് മേഖലയില്‍ അര ഡസനോളം കെട്ടിടങ്ങള്‍ പെരിയാര്‍ കൈയേറി നിര്‍മിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. മലയോര ഹൈവേ നിര്‍മാണത്തിന്റെ മറവില്‍ പെരിയാറിലെ നീരൊഴുക്ക് തടസപ്പെടുന്ന തരത്തില്‍ മണ്ണിട്ട് പുഴ നിരത്തുന്നുമുണ്ട്. വ്യാപകമായി പുഴ നിരത്തില്‍ തുടര്‍ന്നിട്ടും വില്ലേജ് അധികൃതരോ പഞ്ചായത്തോ ഇത് കണ്ട ഭാവമില്ല.