ഇടുക്കിയിൽ പോക്‌സോ കേസിലെ അതിജീവിതയുടെ ദുരൂഹ മരണം യുവാവിനെ കട്ടപ്പന പോലീസ് ചോദ്യം ചെയ്തു.മരിച്ച യുവതിയുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നു എന്ന തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് പോലീസ് യുവാവിനെ ചോദ്യം ചെയ്തത്

ഇടുക്കി ഇരട്ടയാറിൽ പോക്‌സോ കേസിലെ അതിജീവിതയുടെ മരണവുമായി ബന്ധപ്പെട്ട് യുവാവിനെ കട്ടപ്പന പോലീസ് ചോദ്യം ചെയ്തു. മരിച്ച യുവതിയുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നു എന്ന തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് പോലീസ് യുവാവിനെ ചോദ്യം ചെയ്തത്. യുവതിയുടെ മരണം ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ സംഘം.
എന്നാൽ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന വിധത്തിൽ എവിടെ നിന്നെങ്കിലും ഇടപെടൽ ഉണ്ടായോ എന്നറിയാനാണ് പോലീസ് സംസ്ഥാനത്തിന് പുറത്തായിരുന്ന യുവാവിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. രണ്ടു വർഷം മുൻപാണ് യുവതി പീഡനത്തിന് ഇരയായത്.
സംഭവത്തിൽ കേസ് നടന്നു വരുന്നതിനിടെയാണ് യുവതി മരിച്ചത്. മേയിൽ കഴുത്തിൽ ബെൽറ്റ് മുറുക്കിയ നിലയിലാണ് പെൺകുട്ടിയെ മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. അമ്മയാണ് മകളെ മരിച്ച നിലയിൽ കണ്ടത്. സംഭവത്തെ തുടർന്ന് വനിതാ കമ്മീഷൻ അതിജീവിതയുടെ വീട് സന്ദർശിച്ചിരുന്നു. കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് കുറ്റമറ്റ അന്വേഷണം നടത്തണമെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകുമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞിരുന്നു.