കട്ടപ്പന ഇരട്ട കൊലപാതകം; പ്രതി വിഷ്ണു മാപ്പുസാക്ഷിയായേക്കും, നാളെ കട്ടപ്പന കോടതിയിൽ മൊഴി രേഖപ്പെടുത്തും
കട്ടപ്പന ഇരട്ടകൊലപാതക കേസിൽ പ്രതിയും കൊല്ലപ്പെട്ട വിജയൻ്റെ മകനുമായ വിഷ്ണു മാപ്പുസാക്ഷിയായേക്കും. കട്ടപ്പന കോടതിയിൽ ഇതു സംബന്ധിച്ച് വിഷ്ണു അപേക്ഷേ നൽകിയിരുന്നു. ഈ അപേക്ഷ തൊടുപുഴ സി ജെ എം കോടതി പരിഗണിച്ചു.വിഷ്ണുവിൻ്റെ മൊഴി നാളെ കട്ടപ്പന കോടതിയിൽ രേഖപ്പെടുത്തും. അഡ്വ: പി എ വിൽസണാണ് പ്രതിഭാഗം അഭിഭാഷകൻ.
കേരളത്തെ ഞെട്ടിച്ച കാഞ്ചിയാർ ഇരട്ടക്കൊലപാതകക്കേസിന്റെ ചുരുളഴിയുന്നത് ഒരു മോഷണ കേസിലൂടെയാണ്. മോഷണത്തിന്റെ അന്വേഷണത്തിനിടെ കട്ടപ്പന പോലീസിന് തോന്നിയ സംശയമാണ് അരുംകൊലകൾ പുറത്തറിയുന്നത്. വർക്ക് ഷോപ്പിൽ മോഷണം നടത്തുന്നതിനിടയിലാണ് പ്രതികളായ നിതീഷും വിഷ്ണുവും അറസ്റ്റിലായത്. മാർച്ച് രണ്ടിന് പുലർച്ചെ കട്ടപ്പന സ്‌കൂൾ കവലയിലെ വർക്ക് ഷോപ്പിൽ മോഷ്ടിക്കാൻ എത്തിയതാണ് പ്രതികള്‍. ആളില്ലെന്ന ധാരണയിൽ വിഷ്ണു സ്ഥാപനത്തിന് ഉള്ളിൽ കയറി. നിതീഷ് പുറത്ത് കാവൽനിന്നു. എന്നാൽ, മുൻപ് വർക്ക് ഷോപ്പിൽ മോഷണം നടന്നതിനാൽ ഉടമയുടെ മകൻ ഇവിടെ കാവൽ കിടപ്പുണ്ടായിരുന്നു. മോഷണം തടയാൻ ഇയാൾ വിഷ്ണുവിനെ ഇരുമ്പുവടി കൊണ്ട് കാലിന് അടിച്ചു. നിതീഷ് ഓടി രക്ഷപ്പെട്ടു.പോലീസെത്തി വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിതീഷിനെ കാഞ്ചിയാറിൽനിന്ന് പിടികൂടി. ഇവരുടെ മൊഴികളിൽ പൊരുത്തക്കേട് ഉണ്ടെന്ന് പോലീസിന് മനസ്സിലായി. അതിനാൽ പ്രതികളുടെ പശ്ചാത്തലം ഉൾപ്പെടെ പോലീസ് അന്വേഷിച്ചു.
പ്രതികളെ വീണ്ടും വിശദമായി ചോദ്യംചെയ്തപ്പോൾ കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്ന ചില വിവരങ്ങൾ കിട്ടി. തുടർന്ന് പോലീസ് വിഷ്ണുവിന്റെ കക്കാട്ടുകടയിലെ വാടകവീട്ടിലെത്തി. അവിടെ വിഷ്ണുവിന്റെ അമ്മയും സഹോദരിയുമുണ്ടായിരുന്നു. ഇവരെ ചെറിയ മുറിയിൽ അടച്ചിട്ടിരിക്കുകയായിരുന്നു.വിഷ്ണുവിന്റെ അച്ഛനെവിടെ എന്ന് ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിച്ചില്ല. ഇതോടെ പോലീസിന്റെ സംശയം ബലപ്പെട്ടു. ബന്ധുക്കളോട് അന്വേഷിച്ചപ്പോൾ വിഷ്ണുവിന്റെ അച്ഛൻ വിജയനെ മാസങ്ങളായി കാണാനില്ലെന്ന് മനസ്സിലായി. വീട്ടിൽ മന്ത്രവാദത്തിനുള്ള സാധനങ്ങളുണ്ടായിരുന്നെന്നും കണ്ടെത്തി. നിധീഷിന്റെ നേതൃത്വത്തിൽ ദുർമന്ത്രവാദം നടത്താറുണ്ടെന്ന് പോലീസിന് മനസ്സിലായി.
വിഷ്ണുവിന്റെ സഹോദരിക്ക് നിതീഷുമായുള്ള ബന്ധത്തിൽ ഒരു കുട്ടി പിറന്നെന്നും പോലീസിന് വിവരം കിട്ടി. ഈ കുട്ടിയേയും കാണാനില്ലായിരുന്നു. തുടർന്ന് വാടകവീടിന്റെ ഉടമയെ വിളിച്ചുവരുത്തി. ഇവരുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ, വീടിന്റെ തറ കുത്തിപ്പൊളിച്ച് വീണ്ടും കോൺക്രീറ്റ് ചെയ്തതായി മനസ്സിലായി. ഇതോടെ ആരെയൊ കൊന്ന് ഇവിടെ കുഴിച്ചിട്ടു എന്ന സംശയമുണ്ടായി. മുൻപ് വിഷ്ണുവും കുടുംബവും വിറ്റ കട്ടപ്പന സാഗര ജങ്ഷന് സമീപമുള്ള വീട്ടിലെ തൊഴുത്തിലും എന്തോ കുഴിച്ചിട്ടെന്നും മനസ്സിലായി.ഇതെല്ലാം മനസ്സിലാക്കിയിട്ട് വീണ്ടും ചോദ്യംചെയ്തപ്പോൾ നിതീഷ് കുറ്റം സമ്മതിച്ചു. 2016 ജൂലായിൽ തന്റെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നെന്നും 2023 ഓഗസ്റ്റിൽ വിജയനെ ചുറ്റികയ്ക്ക് അടിച്ചുകൊന്നെന്നും ഇയാൾ മൊഴി നൽകി. വീടിന്റെ തറ തുരന്നപ്പോൾ വിജയന്റെ മൃതദേഹം കണ്ടെത്തി.സംഭവത്തിൽ കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിജയന്റെ (60) മൃതദേഹം കണ്ടെത്തിയെങ്കിലും കുഞ്ഞിന്റെ മൃതദേഹം ഇനിയും കണ്ടെത്തിയിട്ടില്ല.