ഇടുക്കി വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് ആസ്ഥാനത്തെ കമ്മ്യൂണിറ്റി ഹാൾ ജില്ലാ പഞ്ചായത്ത് തിരികെ ഏറ്റെടുക്കും ; ജില്ലാ പഞ്ചായത്ത് അംഗം ഷൈനി സജി

വാത്തിക്കുടി ഗ്രാമപഞ്ചായത്ത് ആസ്ഥാനത്ത് മുരിക്കാശ്ശേരിയിൽ മുൻപ് ജില്ലാ പഞ്ചായത്ത് നിർമ്മിച്ച കമ്മ്യൂണിറ്റി ഹാൾ വാത്തിക്കുടി പഞ്ചായത്തിന് വിട്ടു നൽകിയിരുന്നു. ആദ്യ നാലഞ്ചു വർഷക്കാലം പഞ്ചായത്ത് കമ്മ്യൂണിറ്റിഹാൾ കൃത്യമായി സംരക്ഷിച്ചിരുന്നു. എന്നാൽ കഴിഞ്ഞ മൂന്നുവർഷമായി പഞ്ചായത്ത് മെമ്പർ ഉൾപ്പെടെ ഇവിടേക്ക് തിരിഞ്ഞു നോക്കാതെയും മാലിന്യങ്ങൾ സംഭരിക്കുന്ന സ്ഥലമാക്കി മാറ്റുകയും ചെയ്തതോടെ കമ്മ്യൂണിറ്റി ഹാൾ പൂർണമായി നശിച്ചു.
പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയ്ക്കെതിരെ നാട്ടിൽ കടുത്ത പ്രതിഷേധവും ഉയർന്നിട്ടുണ്ട്.ഒരു കോടിയോളം രൂപ മുടക്കി 2006-ൽ ആണ് ഇടുക്കി ജില്ലാ പഞ്ചായത്ത് മരിക്കാശ്ശേരിയിൽ കമ്മ്യൂണിറ്റി ഹാൾ നിർമിച്ചത്. 2013-ൽ നടത്തിപ്പ് ചുമതല വാത്തിക്കുടി ഗ്രാമ പഞ്ചായത്തിന് വിട്ടു നൽകുകയും ചെയ്തു.
നിരവധി പൊതുപരിപാടികൾക്കും , കുറഞ്ഞ ചെലവിൽ സാധാരണ ജനങ്ങൾക്കും ഓഡിറ്റോറിയം ഉപയോഗിക്കാമെന്നിരിക്കെ ഗ്രാമപഞ്ചായത്തിന്റെ കെടുകാര്യസ്ഥത മൂലം ഈ ഹാൾ ഇപ്പോൾ പൂർണമായും നാശത്തിന്റെ പാതയിലാണ് . ജില്ലാ പഞ്ചായത്തുമായി ആലോചിച്ച് തിരികെ ഏറ്റെടുത്ത് ഓഡിറ്റോറിയം സംരക്ഷിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത് മുരിക്കാശ്ശേരി ഡിവിഷൻ മെമ്പർ ഷൈനി സജി അറിയിച്ചു.