ഇടുക്കിയുടെ അതിര്‍ത്തി മേഖലകളില്‍ ഡങ്കിപനി പടര്‍ന്ന് പിടിക്കുന്നു

കരുണാപുരം, പാമ്പാടുംപാറ, ഉടുമ്പന്‍ചോല, ശാന്തന്‍പാറ, നെടുങ്കണ്ടം പഞ്ചായത്തുകളിലാണ് പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിച്ചിരിയ്ക്കുന്നത്. ശാന്തപാറയില്‍ ഒരാള്‍ക്ക് ഡങ്കി പനി സ്ഥിരീകരിച്ചു. 15 പേര്‍ നിരീക്ഷണത്തിലാണ്. ഉടുമ്പന്‍ചോലയില്‍ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, എട്ട് പേര്‍ നിരീക്ഷണത്തിൽ. പാമ്പാടുപാറയില്‍ ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ എട്ട് പേര്‍ നിരീക്ഷണത്തിലാണ്. ഇവിടെ നാല് പേര്‍ക്ക് മലേറിയ സ്ഥിരീകരിച്ചിരുന്നു.
ഇതില്‍ ഇതര സംസ്ഥാന തൊഴിലാളിയായ ഒരാൾ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലാണ് മന്തും മലേറിയയും പടര്‍ന്ന് പിടിക്കുന്നത്.കരുണാപുരത്ത് മൂന്ന് പേര്‍ക്കാണ് ഡെങ്കിപനി ബാധിച്ചിരിയ്ക്കുന്നത്. ഇവിടെയും ആറ് പേര്‍ നിരീക്ഷണത്തിലാണ്. നെടുങ്കണ്ടത്ത് 11 പേര്‍ക്ക് രോഗ ബാധ ഉണ്ടോ എന്ന് സംശയിക്കുന്നു.
തോട്ടം തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന മേഖലകളില്‍ അടക്കം ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. കാല വര്‍ഷം ശക്തി പ്രാപിയ്ക്കുമ്പോള്‍, ജലജന്യ രോഗങ്ങള്‍ കൂടുതല്‍ പടര്‍ന്ന് പിടിയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍, അതിവേഗ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് സ്വീകരിയ്ക്കുന്നത്.