കട്ടപ്പനയിൽ മഹേന്ദ്ര ഷോറൂമിന് മുമ്പിൽ ഓട്ടോറിക്ഷ തൊഴിലാളിയുടെ കിടപ്പു സമരം. വാഹനത്തിൻ്റെ തുടർച്ചയായി ഉണ്ടാകുന്ന തകരാർ പരിഹരിക്കാൻ കമ്പനി അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് സമരം

തങ്കമണി മഠത്തിക്കുന്നേൽ ഷൈജു വർക്കിയാണ് കട്ടപ്പന വെള്ളയാംകുടിയിൽ മഹേന്ദ്ര ഷോറൂമിന് മുമ്പിൽ കിടപ്പു സമരം തുടങ്ങിയത്. 2022 ജൂൺ 24നാണ് ഷൈജു മഹേന്ദ്രയിൽ നിന്നും ആൽഫ പ്ലസ് ബി എസ് 6 എന്ന പെട്ടി ആപ്പെ വാങ്ങിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ നാലു തവണ ഗിയർബോക്സിന് തകരാർ സംഭവിച്ചു. ആറുമാസത്തോളം വാഹനം കമ്പനിയുടെ സർവീസ് സെൻ്ററിൽ ആയിരുന്നു. മാസങ്ങൾ എടുത്ത് വാഹനം നന്നാക്കി നൽകിയാലും ഏതാനും നാളുകൾക്കുള്ളിൽ വീണ്ടും തകരാറിലാകും. വാഹനം വാങ്ങി 3000 കിലോമീറ്റർ ഓടിയപ്പോൾ തന്നെ ആദ്യം ഗിയർബോക്സ് തകരാറിലായി. തുടർന്ന് 7000 കിലോമീറ്റർ, 13000 കിലോമീറ്റർ, 21000 കിലോമീറ്റർ വീതം ഓടിയപ്പോഴും തകരാർ സംഭവിച്ചു. കഴിഞ്ഞദിവസം ഗിയർബോക്സ് പൊട്ടുകയും ചെയ്തു.
ഗിയർബോക്സ് തകരാർ പരിഹരിച്ചു നൽകിയാലും താമസിയാതെ സെൻസർ തകരാറിലാകും. രണ്ടുവർഷം വാറണ്ടിയിലാണ് ഷൈജു പെട്ടി ആപ്പ വാങ്ങിയത്. തുടർച്ചയായി തകരാർ സംഭവിച്ചിട്ടും വാഹനം മാറി നൽകാൻ കമ്പനി അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ഷൈജുവിന്റെ പരാതി. നിർമ്മാണത്തിലെ അപാകതയാണ് വാഹനത്തിന് തകരാർ സംഭവിക്കാൻ കാരണമെന്നും ഷൈജു ആരോപിക്കുന്നു.
പെട്ടി ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന വരുമാനമാണ് ഷൈജുവിന്റെ ഉപജീവനമാർഗ്ഗം. കഴിഞ്ഞ രണ്ടു വർഷമായി തുടർച്ചയായി വാഹനം തകരാറിൽ ആകുന്നതിനാൽ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഷൈജു നേരിടുന്നത്. വാഹനം മാറി തരുകയും പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണുകയും ചെയ്യുന്നതുവരെ മഹേന്ദ്ര ഷോറൂമിന് മുമ്പിൽ കിടപ്പു സമരം തുടരുമെന്ന് ഷൈജു പറഞ്ഞു.