കട്ടപ്പന സുവർണ്ണഗിരിയിൽ മരത്തിന്റെ ശിഖരം വീടിനു മുകളിലേക്ക് ഒടിഞ്ഞുവീണു.അപകടത്തിൽ വീട്ടിൽ ഉണ്ടായിരുന്ന യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

കട്ടപ്പന സുവർണഗിരിയിലാണ് പ്ലാവിന്റെ കുറ്റൻ ശിഖരം വീടിനു മുകളിലേക്ക് ഒടിഞ്ഞു വീണത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. അപകടത്തിൽ ദിലീപ് പറിങ്കിതലയുടെ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു.മരം വീടിനു മുകളിലേക്ക് ഒടിഞ്ഞു വീഴുമ്പോൾ ദിലീപിന്റെ ഭാര്യ അഞ്ചു മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീടിന്റെ വൈദ്യുത മീറ്ററിലേക്ക് ആണ് ശിഖരം ആദ്യം ഇടിച്ചത്. ഇതോടെ വീട്ടിലെ വയറിങ്ങുകൾക്കുള്ളിൽ നിന്ന് പൊട്ടിത്തെറിക്കുന്ന ശബ്ദത്തോടെ തീയും പുകയും ഉയരുകയും ചെയ്തു . ഈ സമയം അഞ്ചു വീടിന് പുറത്തേക്ക് ഓടിയതിനാൽ വലിയ അപകടമാണ് ഒഴിവായത്.
വീടിന്റെ ശൗചാലയം പൂർണമായും നശിച്ചു,വീടിന്റെ മേൽക്കൂരയ്ക്കും കേടുപാടുകൾ ഉണ്ട്, ഒപ്പം വീട്ടിലെ വൈദ്യുതി സംവിധാനത്തിനും നാശം സംഭവിച്ചു.സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ പത്തിലധികം ഭീമൻ മരണങ്ങളാണ് ഭീഷണി ഉയർത്തി നില കൊള്ളുന്നത്.മുൻപും സമാനമായ രീതിയിൽ നിരവധി തവണ മരം ഒടിഞ്ഞു വീഴുകയും നാശനഷ്ട്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പ്രായമായവരടക്കം നിരവധിയായി കുടുംബങ്ങളാണ് മേഖലയിൽ താമസിക്കുന്നത്. ഇവിടെയുള്ള വീടുകൾക്ക് എല്ലാം അപകട ഭീഷണി സൃഷ്ടിക്കുന്ന തരത്തിലാണ് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ മരങ്ങൾ നിൽക്കുന്നത്.
അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ വെട്ടി മാറ്റണമെന്ന് പലപ്രാവശ്യം സ്ഥലം ഉടമയോട് പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. വരുന്ന മഴക്കാലത്ത് മരങ്ങൾ വീണ്ടും ഒടിഞ്ഞു വീഴുമോ എന്ന ആശങ്കയിലാണ് മേഖലയിലെ ജനങ്ങൾ. സ്ഥലഉടമ ഭീഷണി പരിഹരിക്കാൻ യാതൊരുവിധ നടപടിയും സ്വികരിക്കാത്ത പക്ഷം മേഖലയിലെ ആളുകൾ ഒന്നടങ്കം ഒപ്പുശേഖരിക്കുകയും, ആശങ്ക വിവരിച്ച് ജില്ലാകളക്ടർ, വില്ലേജ് ഓഫീസ്, പോലീസ് സ്റ്റേഷൻ, നഗരസഭ എന്നിവർക്ക് പരാതി നൽകാനാണ് തീരുമാനം. ഒപ്പം മരം വീണ് വീടിന് നാശനഷ്ടം സംഭവിച്ച കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ സ്ഥലഉടമ തയ്യാറാവണം എന്നും പ്രദേശവാസികൾ പറഞ്ഞു.