ഇടുക്കിയെ വരൾച്ച ബാധിത ജില്ലയായി കേന്ദ്രം പ്രഖ്യാപിക്കണം. സിപിഐഎം

ഇടുക്കി ജില്ലയെ വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് അവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു കേന്ദ്ര കൃഷി മന്ത്രിക്കും വാണിജ്യ വകുപ്പു മന്ത്രിക്കും സിപിഐഎം ഈ മെയിൽ വഴി നിവേദനം നൽകി.പുനർകൃഷിക്ക് പ്രത്യേക പകേജ് അനുവദിച്ച് കർഷകരെ സംരക്ഷിക്കണം. പതിനായിര കണക്കിന് ഏക്കർ സ്ഥലത്തെ ഏലം കൃഷി ഉണങ്ങി പോയി. സ്‌പൈസ്സസ് ബോർഡ് വഴി അടിയന്തിര സഹായം നൽകാൻ കേന്ദ്രം തയ്യാറാകണം.
കടുത്ത വരൾച്ചയെ ആണ് ജില്ലാ നേരിടുന്നത്. ഏലം, തേയില ,കുരുമുളക്, ജാതി ,ഗ്രാമ്പു ,കൊക്കോ തുടങ്ങിയ കൃഷികൾ എല്ലാം തന്നെ ഉണങ്ങി.ജല ദൗർലബ്യം എല്ലായിടത്തും വ്യാപിക്കുകയാണ്. മണ്ണ് പലയിടത്തും വിണ്ടുകീറുകയാണ്. പുനർകൃഷി കർഷകർക്ക് സ്വന്തമായി താങ്ങാൻ കഴിയുന്നതല്ല. വരൾച്ചയിൽ കൃഷിനാശം നേരിട്ടവർക്ക് ആശ്വാസ പദ്ധതികൾ കേന്ദ്ര സർക്കാർ പ്രഖ്യാപിക്കണം. കേന്ദ്ര സർക്കാരിന് വർഷം തോറും വൻതുകയുടെ വിദേശ നാണ്യം നേടികൊടുക്കുന്ന ഇടുക്കിയിലെ കാർഷിക മേഖലയെ പുനരുദ്ധരിക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ടു വരണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
സ്‌പൈസ്സസ് ബോർഡ് വഴിയും ടീ ബോർഡ് വഴിയും പ്രത്യേക ധന സഹായ പദ്ധതികൾ പ്രഖ്യാപിക്കണമെന്നും കൃഷി മന്ത്രിയോട് ആവശ്യപ്പെട്ടു. വരൾച്ച ബാധിത ജില്ലയായി പ്രഖ്യാപിക്കുന്നതിനാവശ്യമായ റിപ്പോർട്ടുകൾ നൽകാൻ സംസ്ഥാന സർക്കാരിനോടും ജില്ലാകളക്ടറോടും ആവശ്യപ്പെടുമെന്നും ജില്ലാ സെക്രെട്ടറിയറ്റ് വ്യക്തമാക്കി. കേന്ദ്ര സർക്കാരിനോട് സഹായം പ്രഖ്യാപിക്കണമെന്നാവശ്യപ്പെടാനുള്ള ധൈര്യ കുറവുകൊണ്ടാണ് ഡീൻ കുര്യാക്കോസ് സംസ്ഥാനസർക്കാരിനുമേൽ ചാരുന്നത്.
ബിജെപി സർക്കാരിനെ ഡീൻ കുര്യാക്കോസ് എന്തിനാണ് ഇത്രയും ഭയക്കുന്നത്. ഇതുപോലെ കർഷകർ ദുരിതം നേരിട്ട ഒരു ഘട്ടത്തിൽ സ്‌പൈസ്സസ് ബോർഡ് അംഗത്വം രജിവെച്ച് ഒളിച്ചോടിയ ഭീരുവാണ് ഇപ്പോൾ മുതല കണ്ണീർ ഒഴുക്കുന്നത്. സർക്കാർ വിരോധ വൈകൃത ജ്വരം ബാധിച്ച വ്യക്തിയുടെ നിലപാടില്ലായ്‌മ ആണ് ഇതിലൂടെ പുറത്തു വരുന്നതെന്നും സിപിഐഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു.