മലയോര ഹൈവേയുടെ ഭാഗമായുള്ള ഓടനിർമ്മാണം വേഗത്തിലാക്കി; കട്ടപ്പന ഐറ്റിഐ ജംഗ്ഷനിലെ വ്യാപാരികൾക്ക് താത്ക്കാലിക ആശ്വാസം

ബിഎംബിസി ടാറിങ് പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും ഇടുക്കികവല മുതൽ ഐറ്റിഐ ജംഗ്ഷൻ വരെയുള്ള ഓട നിർമ്മാണം വൈകുന്നത് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മാധ്യമങ്ങൾ വാർത്തയാക്കിയത്. നിർമ്മാണം ഇഴഞ്ഞുനീങ്ങിയതിനാൽ സംഗീത ജംഗ്ഷൻ മുതൽ ഐറ്റിഐ ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിൽ വ്യാപാരികൾക്ക് കച്ചവടം നഷ്ടപ്പെടുന്നതായി പരാതി ഉയർന്നിരുന്നു.വ്യാപാരികളുടെ ആശങ്ക വാർത്തയായതിന് പിന്നാലെ ഓട നിർമ്മാണം വേഗത്തിലാക്കുകയായിരുന്നു.
മലയോര ഹൈവേയുടെ ആദ്യ റീച്ചിന്റെ ഭാഗമായിട്ടാണ് ഇടുക്കി കവല മുതൽ ഐ റ്റി ഐ ജംഗ്ഷൻ വരെ റോഡിന്റെ ഇരുവശങ്ങളിലും ഫുട്പാത്തുള്ള ഓട നിർമ്മിക്കുന്നത്. അടുത്തിടെ നിർമ്മാണം പൂർത്തിയാക്കിയ ഓടയുടെ മൂടിയായി സ്ഥാപിച്ച സ്ലാബ് തകർന്നിരുന്നു.ഇതിനെതിരെ പ്രതിഷേധം ഉയർന്നത്തോടെ നിർമ്മാണ കമ്പനി പകരം മറ്റൊരു സ്ലാബ് ഇട്ടെങ്കിലും ഇതും തകർന്നു. മതിയായ തൊഴിലാളികൾ ഇല്ലാത്തതാണ് നിർമ്മാണ പ്രവർത്തനം വൈകുവാൻ കാരണമെന്നാണ് വിശദീകരണം.നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കി വ്യാപാരികളുടെ ബുദ്ധിമുട്ട് ഒഴിവാക്കണമെന്നാണ് ഉയരുന്ന ആവശ്യം.