അനധികൃത പണമിടപാട് നടത്തിയ വിദ്യാര്‍ഥി അറസ്റ്റില്‍
തൊടുപുഴ തെക്കുംഭാഗത്ത് അഞ്ജരിപാറയില്‍ ജോസഫ് മാര്‍ട്ടിന്‍ (22) ആണ് തൊടുപുഴ പൊലീസിന്റെ പിടിയിലായത്.തെക്കുംഭാഗം സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. ജോസഫ് മാര്‍ട്ടിന്റെ വീട്ടില്‍നിന്ന് ബ്ലാങ്ക് ചെക്കുകളും പലിശയിനത്തില്‍ വാങ്ങിയ 1,37,400രൂപയും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. തൊടുപുഴയിലെ സ്വകാര്യ കോളേജില്‍ രണ്ടാംവര്‍ഷ പോളിടെക്‌നിക് വിദ്യാര്‍ഥിയാണ് പ്രതിയെന്ന് പോലീസ് സൂചിപ്പിച്ചു. അഞ്ച് രൂപ മാസ പലിശയ്ക്ക് മറ്റിടങ്ങളില്‍ നിന്ന് പണം വാങ്ങുന്ന പ്രതി ഇരട്ടിയോ അതിലധികമോ പലിശയ്ക്ക് മറിച്ച് കൊടുക്കും. ബ്ലാങ്ക് ചെക്ക് ഈടായി വാങ്ങിയായിരുന്നു ഇടപാട്. മാസങ്ങളായി പ്രതി ഇത് തുടരുകയായിരുന്നു. ആഴ്ചകളോളം നീണ്ട കൃത്യമായ നിരീക്ഷണത്തിനൊടുവിലാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ബാങ്ക് ഇടപാടുകള്‍ പൊലീസ് നിരീക്ഷിച്ചിരുന്നു.
പരാതിക്കാരന്റെ കുടുംബം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് യുവാവ് രേഖാമൂലം തൊടുപുഴ ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയത്. ഇതിനിടെ പരാതിക്കാരന്‍ വിഷം കഴിച്ച് ആത്മഹത്യക്കും ശ്രമിച്ചു. ഇതോടെയാണ് പ്രതിയുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയത്. ഡിവൈ.എസ്.പി എം.ആര്‍ മധുബാബുവിനൊപ്പം സി.ഐ വിഷ്ണുകുമാര്‍, എസ്.ഐമാരായ ജി.അജയകുമാര്‍, സിദ്ധിഖ് അബ്ദുല്‍ ഖാദര്‍, രജനീഷ്, റെജി, ഉണ്ണികൃഷ്ണന്‍ എന്നിവരുമുണ്ടായിരുന്നു.