ഗോത്രജനതയുടെ പിന്തുണ തേടി ജോയ്സ് ജോര്‍ജ്ജ് ഇടമലക്കുടിയിലെത്തി
എംപിയായിരിക്കെ മണ്ഡലത്തിലെ 216 ആദിവാസിക്കുടികളും നേരിട്ട് സന്ദര്‍ശിച്ച് ഗോത്രക്ഷേമ സദസ്സ് സംഘടിപ്പിച്ച ജോയ്സ് ജോര്‍ജ്ജ് ബുധനാഴ്ച ഇടമലക്കുടിയിലെത്തി പിന്തുണ തേടി. ഇടമലക്കുടിയിലെ 16 കുടികളിലും സന്ദര്‍ശിച്ചിട്ടുള്ള ഏക എംപി കൂടിയാണ് ജോയ്സ് ജോര്‍ജ്ജ്. രാവിലെ മൂന്നാറില്‍ ടാറ്റാ ടീ ഫാക്ടറി തൊഴിലാളികളെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ച ശേഷം ഇടമലക്കുടിയിലേക്ക് പുറപ്പെട്ടു. പെട്ടിമുടിയിലെത്തിയ സ്ഥാനാര്‍ത്ഥി ദുരന്തത്തില്‍ മരണപ്പെട്ടവരുടെ സ്മൃതി മണ്ഡപത്തില്‍ സ്മരാണാഞ്ജലി അര്‍പ്പിച്ച ശേഷം 10.30 ന് എടലിക്കുടിയിലെത്തി. ഊരുമൂപ്പന്‍ മുതിരപ്പന്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു.
11 ന് ഇടമലക്കുടിയിലെത്തിയ സ്ഥാനാര്‍ത്ഥിയെ കാത്തുനിന്ന ഗോത്രജനത സ്നേഹവായ്പോടെ സ്വീകരിച്ചു. പരമ്പരാഗത വേഷത്തിലും ആചാരങ്ങളാലുമാണ് സ്ഥാനാര്‍ത്ഥിയെ വരവേറ്റത്. എംപിയായിരിക്കെ ഇടമലക്കുടിയിലെത്തി ഗതാഗത സൗകര്യങ്ങള്‍ ഉള്‍പ്പടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തത് സ്ഥാനാര്‍ത്ഥി അനുസ്മരിച്ചു. തുടര്‍ന്ന് ആണ്ടവന്‍കുടി, അമ്പലപ്പടി, കണ്ടത്കുടി, സൊസൈറ്റികുടി എന്നീ കുടികളിലെത്തിയ സ്ഥാനാര്‍ത്ഥി നേരിട്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. ഇടമലക്കുടിയില്‍ ഇപ്പോള്‍ നടന്നുവരുന്ന 18 കോടിയുടെ റോഡ് നിര്‍മ്മാണവും, 806 കുടുംബങ്ങളില്‍ കുടിവെള്ളം എത്തിക്കാന്‍ കഴിയുന്നതും വൈദ്യുതീകരണവും വിവിധ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കി അടിസ്ഥാന സൗകര്യം ഒരുക്കിയ എല്‍ഡിഎഫ് സര്‍ക്കാരിനോടുള്ള നന്ദിപ്രകടനം കൂടിയായിരുന്നു ഗോത്രനിവാസികള്‍ നല്‍കിയ സ്വീകരണം. എ. രാജ എംഎല്‍എയോടും സഹപ്രവര്‍ത്തകരോടും ഒപ്പമാണ് സ്ഥാനാര്‍ത്ഥി ഇടമലക്കുടിയിലെത്തിയത്.