കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണ സമിതിയംഗത്വം രാജി വച്ചു; മുന്‍ എംഎല്‍എ സുലൈമാന്‍ റാവുത്തര്‍ സിപിഐ എമ്മിലേക്ക്
മുന്‍ എംഎല്‍എയും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായിരുന്ന പി.പി. സുലൈമാന്‍ റാവുത്തര്‍ സിപിഐ എമ്മിലേക്ക്. കെപിസിസി രൂപീകരിച്ച രമേശ് ചെന്നിത്തല ചെയര്‍മാനായുള്ള 25 അംഗ തെരഞ്ഞെടുപ്പ് പ്രചരണ സമിതി അംഗത്വം രാജിവെച്ചാണ് റാവുത്തര്‍ ഇടുതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഐ എമ്മിലേക്ക് എത്തുന്നത്.
തൊടുപുഴ ന്യൂമാന്‍ കോളേജില്‍ കെ എസ് യു നേതാവായിരിക്കെ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിന്‍റെ ഭാഗമായി പൊതുപ്രവര്‍ത്തന രംഗത്തേക്ക് എത്തുന്നത്. വി.എം. സുധീരന്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്‍റായിരിക്കെ സംസ്ഥാന ട്രഷറര്‍ ആയും മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസിഡന്‍റായിരിക്കെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1982 ല്‍ ഇടുക്കിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് 1200 വോട്ടിന് പരാജയപ്പെട്ടു.
1996 ല്‍ ഇപ്പോഴത്തെ യുഡിഎഫ് കണ്‍വീനര്‍ ജോയി വെട്ടിക്കുഴിയെ പരാജയപ്പെടുത്തി ഇടുക്കിയില്‍ നിന്നും എല്‍ഡിഎഫ് എംഎല്‍എ ആയി. രണ്ട് തവണ ഇടുക്കി മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച് 30000 വോട്ടുകള്‍ വീതം നേടിയിരുന്നു. ഇടുക്കി പാര്‍ലമെന്‍റ് മണ്ഡലത്തിലാകെ വിപുലമായ സൗഹൃദ ബന്ധവും പ്രവര്‍ത്തന പരിചയവുമുള്ള സുലൈമാന്‍ റാവുത്തറുടെ വരവ് അഡ്വ. ജോയ്സ് ജോര്‍ജ്ജിന്‍റെ വിജയത്തിന് കരുത്ത് പകരും.