കട്ടപ്പനയിലെ ഇരട്ടക്കൊലക്കേസ്; രണ്ട് പ്രതികളെയും അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി

കട്ടപ്പന : കട്ടപ്പനയിലെ ഇരട്ടക്കൊലക്കേസിലെ രണ്ടു പ്രതികളെയും അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി. പുത്തൻപുരയ്ക്കൽ നിതീഷ്, നെല്ലിപ്പള്ളിൽ വിഷ്ണു എന്നിവരെയാണ് 3 ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
നെല്ലിപ്പള്ളിൽ വിജയൻ, ഇദ്ദേഹത്തിന്റെ മകൾക്ക് ജനിച്ച അഞ്ചുദിവസം പ്രായമായ കുഞ്ഞ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ ഇവർ റിമാൻഡിൽ കഴിയുകയായിരുന്നു. കൊലപാതകക്കേസുകൾക്കു പുറമെ രണ്ട് ലൈംഗീക പീഡന കേസുകളും നിതീഷിനെതിരെയുണ്ട്. അവയുമായി ബന്ധപ്പെട്ട തെളിവെടുപ്പിനായാണ് ഇയാളെ കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്.
ഇയാൾ ഉപയോഗിച്ചിരുന്ന മൊബൈൽ സിം കാർഡ് പ്രവർത്തനരഹിതമായതിനാൽ അതിന്റെ ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് ലഭ്യമാക്കി കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനുള്ള നടപടികളുടെ ഭാഗമായി ഇയാളെ വ്യാഴാഴ്ച നഗരത്തിലെ സ്വകാര്യ മൊബൈൽ കമ്പനിയുടെ കസ്റ്റമർ സെന്ററിൽ എത്തിച്ചു. അടുത്ത ദിവസങ്ങളിൽ ഇരുവരെയും വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.